ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കോലിയെ പുറത്താക്കിയത് ഇങ്ങനെ; വെളിപ്പെടുത്തലുമായി ആമിര്‍

By Web TeamFirst Published Oct 18, 2018, 12:35 PM IST
Highlights

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാന്‍റെ കൂറ്റന്‍ വിജയത്തില്‍ നിര്‍ണായകമായത് കോലിയുടെ വിക്കറ്റായിരുന്നു. ആമിറിന്‍റെ തൊട്ടുമുന്‍പത്തെ പന്തില്‍ കോലിയെ അസര്‍ അലി വിട്ടുകളഞ്ഞെങ്കിലും...

ലാഹോര്‍: വാക്പോരിനൊടുവില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പുറത്താക്കി പാക് പേസര്‍ മുഹമ്മദ് ആമിര്‍ പുഞ്ചിരിച്ച ദിനം. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തകര്‍ത്ത് കിരീടം നേടാന്‍ പാക്കിസ്ഥാന് സഹായകമായത് കോലിയുടെ ഈ വിക്കറ്റായിരുന്നു. ഈ വിക്കറ്റിന് പിന്നിലെ തന്ത്രം വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു അഭിമുഖത്തില്‍ പാക് പേസര്‍. 

മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ വ്യക്തിഗത സ്‌കോര്‍ അഞ്ചില്‍ നില്‍ക്കേ കോലിയെ അസര്‍ അലി വിട്ടുകളഞ്ഞിരുന്നു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഇന്ത്യന്‍ നായകനെ ഷദാബ് ഖാന്‍റെ കൈകളിലെത്തിച്ച് ആമിര്‍ പോരിന് മൂര്‍ച്ച കൂട്ടി. 'കോലി ബാറ്റിംഗ് തുടങ്ങിയപ്പോള്‍ താന്‍ എറിഞ്ഞ ഇന്‍ സ്വിങര്‍ അനായാസം അടിച്ചകറ്റി. കോലിയെ അസര്‍ വിട്ടുകളയുകയും ചെയ്തു. ഇതോടെ കോലി ഇന്ത്യയെ വിജയിപ്പിക്കുമെന്ന് കരുതി. എങ്ങനെയും കോലിയുടെ വിക്കറ്റ് ലഭിക്കണം എന്നായി തന്‍റെ പ്രാര്‍ത്ഥന. തൊട്ടടുത്ത പന്തില്‍ ഷദാബിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ കോലി പുറത്തായതായി'- ആമിര്‍ പറഞ്ഞു. 

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ആദ്യ ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ നാല് വിക്കറ്റിന് 338 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 30.3 ഓവറില്‍ 158 റണ്‍സിന് എല്ലാവരും പുറത്തായി. 180 റണ്‍സിനായിരുന്നു പാക്കിസ്ഥാന്‍റെ തകര്‍പ്പന്‍ ജയം. ബാറ്റിംഗില്‍ ഫഖാര്‍ സമാന്‍ സെഞ്ചുറി നേടിയപ്പോള്‍ കോലിയടക്കം മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കി ബൗളിംഗില്‍ ആമിര്‍ പാക്കിസ്ഥാന് ജയമുറപ്പിക്കുകയായിരുന്നു. ബാറ്റിംഗില്‍ ഹര്‍ദിക് പാണ്ഡ്യ(76) മാത്രമാണ് ഇന്ത്യക്കായി തിളങ്ങിയത്. 

click me!