ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് അട്ടിമറിയോടെ തുടക്കം; ചെല്‍സിക്ക് ഞെട്ടിക്കുന്ന തോല്‍വി

By Web DeskFirst Published Aug 12, 2017, 10:58 PM IST
Highlights

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് വമ്പന്‍ അട്ടിമറിയോടെ തുടക്കം. ഇഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി തോല്‍വി വഴങ്ങി. ബേണ്‍ലിയാണ് നീലപ്പടയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അട്ടിമറിച്ചത്. ക്യാപ്റ്റന്‍ ഗാരി കാഹിലും സെസ്ക് ഫാബ്രിഗാസും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതിനെത്തുടര്‍ന്ന് 9 പേരായി ചുരുങ്ങിയ ചെല്‍സിയെ ബേണ്‍ലി അക്ഷരാര്‍ഥത്തില്‍ വാരിക്കളഞ്ഞു. 1971നുശേഷം ആദ്യമായാണ് ബേണ്‍ലി ചെല്‍സിയെ തോല്‍പ്പിക്കുന്നത്.

പതിനാലാം മിനിട്ടില്‍ കാഹില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതിനുശേഷം 24-ാം മിനിട്ടില്‍ വോക്സ് ആണ് ബേണ്‍ലിയെ മുന്നിലെത്തിച്ചത്. 39-ാം മിനിട്ടില്‍ വേര്‍ഡ് സന്ദര്‍ശകരുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഡിഫോറിന്റെ ക്രോസ് ഗോളിലേക്ക് തിരിച്ചുവിട്ട് വോക്സ് തന്നെ ഇടവേളയ്ക്ക് തൊട്ടുമുമ്പ് ബേണ്‍ലിയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. രണ്ടാം പകുതിയില്‍ മൊറാട്ടയും ലൂയിസും ചെല്‍സിയുടെ തോല്‍വിഭാരം കുറച്ച് രണ്ട് ഗോള്‍ മടക്കി. രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് സൂപ്പര്‍ താരം ഫാബ്രിഗാസ് 81-ാം മിനിട്ടില്‍ പുറത്തുപോയതോടെ ചെല്‍സിയുടെ സമനില പ്രതീക്ഷയും മങ്ങി.

കഴിഞ്ഞവര്‍ഷം ചാമ്പ്യന്‍മാരായ ലെസസ്റ്റര്‍ സിറ്റിയെ ഹള്‍ സിറ്റി അട്ടിമറിച്ചിരുന്നുവെങ്കിലും ചെല്‍സിയെപ്പോലൊരു വമ്പന്‍ ടീമിന് ഉദ്ഘാടനമത്സരത്തില്‍ തന്നെ തോല്‍വി പിണയുന്നത് രണ്ട് പതിറ്റാണ്ടിനിടെ ആദ്യമാണ്. 1995ല്‍ ചാമ്പ്യന്‍മാരായിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആസ്റ്റണ്‍വില്ലയോട് 1-3ന് തോറ്റത് ആണ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഉദ്ഘടന മത്സരത്തിലെ വമ്പന്‍ അട്ടിമറികളില്‍ പ്രധാനപ്പെട്ടത്.

മറ്റൊരു മത്സരത്തില്‍ പ്രീമിയിര്‍ ലീഗില്‍ തിരിച്ചെത്തിയ ഹഡ്ഡേഴ്സ്ഫീല്‍ഡ് ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

 

click me!