മുംബൈയില്‍ നിന്ന് മറ്റൊരു സച്ചിന്‍; പൃഥ്വി ഷായ്ക്ക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അഞ്ചാം സെഞ്ചുറി

By Web DeskFirst Published Nov 17, 2017, 9:46 PM IST
Highlights

മുംബൈ: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അശ്വമേധം തുടര്‍ന്ന് മുംബൈയുടെ കൗമാര താരം പൃഥ്വി ഷാ. അന്ധ്രക്കെതിരെ രഞ്ജി ട്രോഫിയില്‍ സെഞ്ചുറി നേടിയ താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അഞ്ചാം ശതകം പൂര്‍ത്തിയാക്കി.18 വയസും എട്ട് ദിവസവും പ്രായമുള്ള പൃഥ്വി ഷാ ഏഴ് മത്സരങ്ങളിലെ 13-ാം ഇന്നിംഗ്സുകളില്‍ നിന്നാണ് അഞ്ച് സെഞ്ചുറികള്‍ അടിച്ചെടുത്തത്. 

കഴിഞ്ഞ മാസം രഞ്ജി ട്രോഫിയില്‍ ഒഡീഷക്കെതിരെ സെഞ്ചുറി നേടിയ ഷാ 18 വയസില്‍ താഴെയുള്ള താരങ്ങളില്‍ കൂടുതല്‍ സെഞ്ചുറി നേടിയ രണ്ടാമത്തെ ക്രിക്കറ്ററെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ഏഴ് ശതകങ്ങള്‍ നേടിയ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് ഇനി ഷായുടെ മുമ്പിലുള്ളത്. ഷായുടെ കരിയറിലെ സെഞ്ചുറികളില്‍ നാലെണ്ണം രഞ്ജി ട്രോഫിയിലാണ്. 

ദുലീപ് ട്രോഫിയിലെ അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമാണ് ഷാ. 2016-17 സീസണില്‍ തമിഴ്‌നാടിനെതിരെ രഞ്ജി ട്രോഫിയില്‍ അറങ്ങേറ്റം കുറിച്ച താരം സെഞ്ചുറിയടിച്ചാണ് വരവറിയിച്ചത്. ഇന്ത്യന്‍ പര്യടനത്തിനിടയില്‍ ന്യൂസിലന്‍ഡ് പേസര്‍ ട്രന്‍റ് ബോള്‍ട്ട് ഷായുടെ മിന്നും പ്രകടനം കണ്ട് അഭിനന്ദിച്ചിരുന്നു.


 

click me!