Protest : 'ജോലി തരൂ സർക്കാരേ', സെക്രട്ടേറിയറ്റിന് മുന്നിൽ തല മൊട്ടയടിച്ച് കായികതാരങ്ങൾ

By Web TeamFirst Published Dec 8, 2021, 12:34 PM IST
Highlights

ദേശീയഗെയിംസിലടക്കം കേരളത്തിന്‍റെ അഭിമാനമായവരാണ് സമരത്തിനിറങ്ങിയിരിക്കുന്നത്. എന്നാല്‍ കായികതാരങ്ങളോട് സംസാരിക്കാന്‍ പോലുമില്ലെന്ന നിലപാടിലാണ് കായികമന്ത്രിയും സര്‍ക്കാരും.

തിരുവനന്തപുരം: ഉറപ്പ് നൽകിയ ജോലിയ്ക്ക് വർഷങ്ങൾ കാത്തിരുന്ന് മടുത്ത് ഒടുവിൽ സെക്രട്ടറിയറ്റിന് മുന്നിൽ തല മൊട്ടയടിച്ച് കായികതാരങ്ങളുടെ പ്രതിഷേധം. പത്ത് വർഷങ്ങൾക്ക് മുമ്പ് ഉറപ്പ് നൽകിയ ജോലി നൽകാത്തതിൽ പ്രതിഷേധിച്ച് മെഡൽ ജേതാക്കൾ കഴിഞ്ഞ എട്ട് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാലസമരത്തിലാണ്. ഇവരുടെ റാങ്ക് പട്ടികയിലെ ക്രമക്കേട് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു. ജോലി നൽകാൻ സർക്കാർ ഉത്തരവിറക്കിയിട്ടും ജോലി കിട്ടാത്ത 54 കായികതാരങ്ങളുടെ ദുരവസ്ഥ പുറംലോകമറിഞ്ഞിട്ടും സർക്കാർ അനങ്ങിയിട്ടില്ല. 

ദേശീയഗെയിംസിലടക്കം കേരളത്തിന്‍റെ അഭിമാനമായവരാണ് സമരത്തിനിറങ്ങിയിരിക്കുന്നത്. എന്നാല്‍ കായികതാരങ്ങളോട് സംസാരിക്കാന്‍ പോലുമില്ലെന്ന നിലപാടിലാണ് കായികമന്ത്രിയും സര്‍ക്കാരും. ജോലി നല്‍കാന്‍ ഉത്തരവിറക്കിയ 249 പേരില്‍ 195 പേര്‍ക്ക് 2019-ല്‍ ജോലി നല്‍കി. എന്നാലതിൽ 54 പേരെ പരിഗണിച്ചതേയില്ല. നിയമനം നല്‍കാനുള്ള തീരുമാനം ആയെങ്കിലും ഫയല്‍ മാസങ്ങളായി ധനവകുപ്പില്‍ കുരുങ്ങിക്കിടക്കുകയാണെന്ന് കായിക താരങ്ങള്‍ പറയുന്നു. 

ദേശീയ-അന്തര്‍ സര്‍വകലാശാലാ മത്സരങ്ങളില്‍ കരുത്ത് തെളിയിച്ച കേരളത്തിന്‍റെ അഭിമാന താരങ്ങളെയാണ് സര്‍ക്കാര്‍ തെരുവില്‍ നിര്‍ത്തിയിരിക്കുന്നത്. 54 പേർക്ക് ഇനിയും ജോലി നൽകാനുണ്ടായിട്ടും, 2015- 20 വര്‍ഷത്തെ സ്പോര്‍ട്സ് ക്വാട്ട നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ നടപടി  തുടങ്ങുകയും ചെയ്തു. പ്രഖ്യാപിച്ച 249 പേര്‍ക്കും ജോലി നല്‍കി എന്നാണ് സർക്കാർ പരസ്യങ്ങളിലൂടെ അവകാശപ്പെടുന്നതെന്നും, ഈ തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങൾ ഉടനടി പിൻവലിക്കണമെന്നും ഇവരാവശ്യപ്പെടുന്നു. 

പട്ടികയില്‍ മുന്നിലുള്ളവരെ മാറ്റി നിര്‍ത്തി താഴെയുള്ളവര്‍ക്ക് ജോലി നല്‍കിയതും നേരത്തെ വിവാദമായിരുന്നു. 2020 ഡിസംബറിലാണ് ഈ 54 പേര്‍ക്ക് ജോലി നല്‍കാനുള്ള പട്ടിക പ്രസിദ്ധീകരിച്ചത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും ജോലിയില്ല. എന്തുകൊണ്ട് കിട്ടുന്നില്ലെന്ന്   കായികമന്ത്രിയും മിണ്ടുന്നില്ല. ജോലി കിട്ടിയാലേ ഇത്തവണ തിരിച്ചുപോകൂ എന്ന നിലപാടിലാണവര്‍.

click me!