
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൽസരം സമനിലയിൽ കലാശിച്ചെങ്കിലും അപൂര്‍വ്വ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ബാറ്റ്‌സ്‌മാന്‍ ചേതേശ്വർ പൂജാര. മൽസരത്തിന്റെ അഞ്ചു ദിവസവും ബാറ്റു ചെയ്യാനാകുന്ന നേട്ടമാണ് പൂജാര സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ചേതേശ്വര്‍ പൂജാര. ഇതിന് മുമ്പ് എം എല്‍ ജെയ്സിംഹ, രവി ശാസ്‌ത്രി എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയത്. മഴ ഏറെയും അപഹരിച്ച ആദ്യ ദിനത്തിലെ ആദ്യ പന്തിൽത്തന്നെ കെ എല്‍ രാഹുൽ പുറത്തായപ്പോഴാണ് പൂജാര ക്രീസിലെത്തിയത്. എന്നാൽ ആദ്യ രണ്ടുദിവസവും മഴ കളിച്ചപ്പോഴും പുറത്താകാതെ പൂജാര ഉണ്ടായിരുന്നു. മൂന്നാം ദിവസമാണ് 52 റണ്‍സെടുത്ത പൂജാര പുറത്തായത്. ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ 172ന് പുറത്താകുകയും ചെയ്തു. പിന്നീട് മൂന്നും നാലും ദിവസങ്ങളിലായി ശ്രീലങ്ക 294ന് പുറത്താകുകയും നാലാം ദിവസം ഇന്ത്യ രണ്ടാം ഇന്നിംഗ്സ് തുടങ്ങുകയും ചെയ്തു. നാലാം ദിവസം ധവാൻ പുറത്തായപ്പോൾ വീണ്ടും ബാറ്റിങിനെത്തിയ പൂജാര അഞ്ചാം ദിവസമാണ് പുറത്തായത്. 22 റണ്‍സേ എടുത്തുള്ളുവെങ്കിലും അഞ്ചുദിവസവും ബാറ്റു ചെയ്യുകയെന്ന അപൂര്‍വ്വ നേട്ടവുമായാണ് പൂജാര ക്രീസ് വിട്ടത്.
1960ല്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ് എം എല്‍ ജയസിംഹ ഈ നേട്ടം കൈവരിച്ചത്. അന്ന് ഇരു ഇന്നിംഗ്സുകളിലായി 20, 74 എന്നിങ്ങനെയായിരുന്നു ജയസിംഹയുടെ സ്കോര്‍. 1984ല്‍ ഇംഗ്ലണ്ടിനെതിരെ രവി ശാസ്‌ത്രി അഞ്ചു ദിവസവും ബാറ്റുചെയ്തത്. അന്ന് 111, 7 എന്നിങ്ങനെയായിരുന്നു ഇരു ഇന്നിംഗ്സുകളിലായി ശാസ്‌ത്രിയുടെ സ്‌കോര്‍. ഇനി വേറെയുമുണ്ട് കൗതുകകരമായ ഒരു സംഗതി. ജയസിംഹ, രവി ശാസ്‌ത്രി ഇപ്പോള്‍ പൂജാര- എല്ലാവരും ഈ നേട്ടം കൈവരിച്ചത് കൊല്‍ക്കത്ത ഈഡൻ ഗാർഡൻസിലാണ്. ഇംഗ്ലീഷ് ക്രിക്കറ്റർമാരായ ജെഫ്രി ബോയ്കോട്ട്, അലന്‍ ലാംബ്, ആന്‍ഡ്രൂ ഫ്ലിന്റോഫ്, ഓസീസ് താരം കിം ഹ്യൂഗ്സ്, വെസ്റ്റിന്‍ഡീസ് താരം അഡ്രിയന്‍ ഗ്രീഫിത്ത് എന്നിവരാണ് ഒരുടെസ്റ്റിന്റെ അഞ്ചുദിവസവും ബാറ്റു ചെയ്ത മറ്റ് താരങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!