കേരളത്തിലെ കുട്ടികളെ ബാഡ്മിന്റണ്‍ പരിശീലിപ്പിക്കാന്‍ ഗോപീചന്ദ് വരുന്നു

By Web DeskFirst Published Jul 19, 2017, 1:09 PM IST
Highlights

കൊച്ചി: കേരളത്തിലെ കുട്ടികളെ ബാഡ്മിന്റണ്‍ പരിശീലിപ്പിക്കാന്‍ രാജ്യാന്തര പരിശീലകന്‍ പുല്ലേല ഗോപീചന്ദ് എത്തുന്നു.ബാഡ്മിന്റണില്‍ വീണ്ടുമൊരു  ഒളിമ്പിക്‌സ് മെഡല്‍ എന്ന സ്വപനവുമായി കൊച്ചിയിലാണ് ഗോപീചന്ദ് ബാഡ്മിന്റണ്‍ അക്കാദമി ആരംഭിക്കുക.

പിവി സിന്ധു, സൈന നെഹ്‌വാള്‍ എന്നീ രണ്ടുപേരുകള്‍ മതിയാവും പുല്ലേല ഗോപീചന്ദ് എന്ന പരിശീലകന്റെ ഉയരം കാണിക്കാന്‍. ഒളിമ്പിക്‌സ് മെഡല്‍ ലക്ഷ്യമിട്ട് കായികവകുപ്പ് വിഭാവനം ചെയ്ത തീവ്രപരിശീലന പദ്ധതിയുടെ ഭാഗമായാണ് ഗോപീചന്ദ് അക്കാദമി സ്ഥാപിക്കുന്നത്. കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സെപ്റ്റംബറിനു മുന്‍പ് തന്നെ അക്കാദമി സ്ഥാപിക്കാനാണ് സ്‌പോര്‍ട്സ് കൗണ്‍സില്‍ ലക്ഷ്യമിടുന്നത്. അതിനു മുന്‍പായി ഗോപീചന്ദുമായി സ്‌പോര്‍ട്സ് കൗണ്‍സില്‍ അധികൃതര്‍ കൂടിക്കാഴ്ചയും നടത്തി.

കേരളത്തിന്റെ ആവശ്യം ഗോപീചന്ദ് സ്നേഹത്തോടെ സ്വീകരിച്ചതോടെ മറ്റു തീരുമാനങ്ങളെടുക്കാന്‍ മറ്റന്നാള്‍ സ്‌പോര്‍ട്സ് കൗണ്‍സില്‍ യോഗം ചേരും. എറണാകുളത്ത് നടക്കുന്ന യോഗത്തിലാവും പദ്ധതിക്കാവശ്യമായ ഫണ്ട് എത്രയെന്ന കാര്യത്തില്‍ ധാരണയാവുക. ഒളിമ്പിക് മെഡല്‍ നേട്ടം ലക്ഷ്യമിട്ട് 11 കായിക ഇനങ്ങളില്‍ പ്രത്യേക പദ്ധതികള്‍ കായിക വകുപ്പ് തയാറാക്കുന്നുണ്ട്.ഈ വര്‍ഷം 42 കോടിരൂപ ഇങ്ങനെ കായികവികസനത്തിനായി ചെലവഴിക്കും.

 

click me!