രാഹുല്‍ 199ന് പുറത്ത്; ഇന്ത്യ നാലിന് 391

By Web DeskFirst Published Dec 18, 2016, 11:53 AM IST
Highlights

ചെന്നൈ: കെ എല്‍ രാഹുലിന് കരിയറിലെ ആദ്യ ഇരട്ടസെഞ്ച്വറി നഷ്‌ടമായി. ഇംഗ്ലണ്ടിനെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റില്‍ 199 റണ്‍സിനാണ് രാഹുല്‍ പുറത്തായത്. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ നാലിന് 391 റണ്‍സ് എന്ന നിലയിലാണ്. ഇംഗ്ലണ്ടിന്റെ സ്‌കോര്‍ മറികടക്കാന്‍, ആറു വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയ്‌ക്ക് ഇനി 86 റണ്‍സ് കൂടി നേടണം. രാഹുലിന്റെ സെഞ്ച്വറിയും പാര്‍ഥിവ് പട്ടേല്‍(71), കരുണ്‍ നായര്‍(പുറത്താകാതെ 71) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളുമാണ് ഇന്ത്യന്‍ ഇന്നിംഗ്സിന്റെ സവിശേഷത. ടെസ്റ്റ് ക്രിക്കറ്റിലെ നാലാമത്തെ സെഞ്ച്വറിയാണ്. ഇന്ത്യയില്‍ രാഹുല്‍ നേടുന്ന ആദ്യ സെഞ്ച്വറിയുമാണിത്. 171 പന്തില്‍ എട്ടു ബൗണ്ടറികളുടെയും രണ്ടു സിക്‌സറുകളുടെയും അകമ്പടിയോടെയാണ് രാഹുല്‍ സെഞ്ച്വറി തികച്ചത്. വ്യക്തിഗത സ്‌കോര്‍ 199ല്‍ നില്‍ക്കെ ഓഫ് സ്റ്റംപിന് പുറത്ത് വന്ന ആദില്‍ റഷീദിന്റെ വേഗംകുറഞ്ഞ പന്തില്‍, ടോപ് എ‍ഡ്ജായപ്പോള്‍ കവറില്‍ ജോസ് ബട്ട്‌ലര്‍ രാഹുലിനെ പിടികൂടുകയായിരുന്നു. പുറത്താകുമ്പോള്‍ 16 ബൗണ്ടറികളും മൂന്നു സിക്‌സറുകളും രാഹുല്‍ നേടിയിരുന്നു.

വിക്കറ്റൊന്നും നഷ്‌ടപ്പെടാതെ 60 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗ് തുര്‍ന്നത്. പാര്‍ഥിവ്-രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 152 റണ്‍സാണ് കൂട്ടുച്ചേര്‍ത്തത്. പരമ്പരയില്‍ രണ്ടാമത്തെ അര്‍ദ്ധസെഞ്ച്വറിയാണ് പാര്‍ഥിവ് പട്ടേല്‍ നേടിയത്. പിന്നീട് പാര്‍ഥിവ് പട്ടേലും 15 റണ്‍സെടുത്ത വിരാട് കൊഹ്‌ലിയും അടുത്തടുത്ത് പുറത്തായി. കരുണ്‍ നായരെ കൂട്ടുപിടിച്ച് കെ എല്‍ രാഹുല്‍ പോരാട്ടം തുടര്‍ന്നു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 161 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇന്നത്തെ കളി അവസാനിക്കുമ്പോള്‍ 71 റണ്‍സോടെ കരുണ്‍ നായരും 17 റണ്‍സോടെ മുരളി വിജയ്‌യുമാണ് ക്രീസില്‍.

ഇംഗ്ലണ്ടിനുവേണ്ടി ബെന്‍ സ്റ്റോക്ക്സ്, മൊയിന്‍ അലി, സ്റ്റുവര്‍ട്ട് ബ്രോഡ്, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

click me!