ഈഡനില്‍ കേരളത്തിന്റെ വിക്കറ്റ് കൊയ്ത്ത്; ബംഗാളിനെതിരെ കേരളത്തിന് മേല്‍ക്കൈ

By Web TeamFirst Published Nov 20, 2018, 4:53 PM IST
Highlights

രഞ്ജി ട്രോഫിയില്‍ പശ്ചിമ ബംഗാളിനെതിരെ കേരളത്തിന് മേല്‍ക്കൈ. ബംഗാളിന്റെ ഒന്നാം ഇന്നിംഗ്സ് 147 റണ്‍സില്‍ അവസാനിപ്പിച്ച കേരളം ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെന്ന നിലയിലാണ്.

കൊല്‍ക്കത്ത: രഞ്ജി ട്രോഫിയില്‍ പശ്ചിമ ബംഗാളിനെതിരെ കേരളത്തിന് മേല്‍ക്കൈ. ബംഗാളിന്റെ ഒന്നാം ഇന്നിംഗ്സ് 147 റണ്‍സില്‍ അവസാനിപ്പിച്ച കേരളം ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെന്ന നിലയിലാണ്. ഒരു റണ്‍സെടുത്ത അരുണ്‍ കാര്‍ത്തിക്കിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയാണ് കാര്‍ത്തിക്കിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. 14 റണ്‍സ് വീതമെടുത്ത് ജലജ് സക്സേനയും രോഹന്‍ പ്രേമുമാണ് ക്രീസില്‍.

ഈഡനില്‍ ബംഗാളിനെതിരെ ടോസ് നേടിയ കേരളം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ കൗശിക് ഘോഷിനെ(0) അരുണ്‍ കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ച് ബേസില്‍ തമ്പിയാണ് ബംഗാളിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. സുദീപ് ചാറ്റര്‍ജിയെ സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ച് സന്ദീപ് വാര്യരും ആഞ്ഞടിച്ചതോടെ ബംഗാളിന്റെ തുടക്കം പാളി.  അനുസ്തൂപ് മജൂംദാറും(53) ഓപ്പണര്‍ അഭിഷേക് കുമാര്‍ രാമനും(40) ക്യാപ്റ്റന്‍ മനോജ് തിവാരിയും(22) ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് ബംഗാളിനെ 100 കടത്തിയത്.  വിവേക് സിംഗാണ്(13) ബംഗാള്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്സ്മാന്‍മാര്‍.

കഴിഞ്ഞ മത്സരത്തില്‍ ഡബിള്‍ സെഞ്ചുറി നേടിയ ബംഗാള്‍ ക്യാപ്റ്റന്‍ മനോജ് തിവാരിയെയും അര്‍ധസെഞ്ചുറിയുമായി ചെറുത്തുനിന്ന മജൂംദാറിനെയും എംഡി നിതീഷ് പുറത്താക്കി. കേരളത്തിനായി ബേസില്‍ തമ്പി നാലും നിതീഷ് മൂന്നും വിക്കറ്റെടുത്തപ്പോള്‍ സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റെടുത്തു. ജലജ് സക്സേന ഒരു വിക്കറ്റ് നേടി.

click me!