അശ്വിന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്റെ ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടതിന് കാരണം

By Web DeskFirst Published Feb 14, 2017, 12:07 PM IST
Highlights

ഹൈദരാബാദ്: ഇന്ത്യാ-ബംഗ്ലാദേശ് ആദ്യ ടെസ്റ്റിനുശേഷം ബംഗ്ലാദേശ് നായകന്‍ മുഷ്ഫീഖുര്‍ റഹീമിന്റെ ഓട്ടോഗ്രാഫ് തേടി ഒരു താരമെത്തി. മറ്റാരുമല്ല ഇന്ത്യയുടെ സ്പിന്‍ മാന്ത്രികന്‍ ആര്‍ അശ്വിന്‍. അശ്വിന് എന്തിനാണ് മുഷ്ഫീഖുറിന്റെ ഓട്ടോഗ്രാഫ് എന്ന് ആശ്ചര്യപ്പെടാന്‍ വരട്ടെ. ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 250 വിക്കറ്റ് തികച്ച് ലോക റെക്കോര്‍ഡിട്ട അശ്വിന്‍ ആ നേട്ടം കൈവരിച്ചത് മുഷ്ഫീഖുറിനെ പുറത്താക്കിയായിരുന്നു.

അതുകൊണ്ടുതന്നെ നേട്ടം കൈവരിച്ച പന്തില്‍ മുഷ്ഫീഖുറിന്റെ ഓട്ടോഗ്രാഫ് തേടി അശ്വിനെത്തിയത്. ഇക്കാര്യം ബംഗ്ലാദേശ് നായകനും സ്ഥിരീകരിച്ചു. മത്സരശേഷം അശ്വിന്‍ റെക്കോര്‍ഡ് നേട്ടം കൊയ്ത പന്തുമായി തന്നെ സമീപിച്ചുവെന്നും താന്‍ അതില്‍ ഓട്ടോഗ്രാഫ് നല്‍കിയെന്നും മുഷ്ഫീഖുര്‍ പറഞ്ഞു.

45 ടെസ്റ്റില്‍ നിന്ന് 250 വിക്കറ്റ് തികച്ച അശ്വിന്‍ 48 ടെസ്റ്റില്‍ ഈ നേട്ടം കൈവരിച്ച ഓസീസ് പേസ് ഇതിഹാസം ഡെന്നിസ് ലില്ലിയുടെ റെക്കോര്‍ഡാണ് മറികടന്നത്. മത്സരത്തില്‍ ഇന്ത്യ കൂറ്റന്‍ ജയം സ്വന്തമാക്കിയിരുന്നു.

click me!