സൂപ്പര്‍ താരത്തെ നിലനിര്‍ത്തേണ്ടെന്ന് റയല്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്

By Web TeamFirst Published Nov 27, 2018, 4:29 PM IST
Highlights

ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ചിന്‍റെ കരാര്‍ റയല്‍ മാഡ്രിഡ് നീട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഒരു ഇറ്റാലിയന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്... 

മാഡ്രിഡ്: ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയ ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ചിന്‍റെ കരാര്‍ സ്‌പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് നീട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ മാധ്യമം സ്‌പോര്‍ട്‌സ് മീഡിയസെറ്റിനെ ഉദ്ധരിച്ച് ഫോക്‌സ് സ്‌പോര്‍ട്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 2020വരെ 33കാരനായ ക്രൊയേഷ്യന്‍ താരത്തിന് റയലില്‍ കരാറുണ്ട്.  

മോഡ്രിച്ച് ഇറ്റലിയിലേക്ക് ചേക്കേറുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. 2012ലാണ് മോഡ്രിച്ച് റയലിലെത്തിയത്. സെപ്‌റ്റംബറിലാണ് റയലില്‍ സഹതാരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലിവര്‍പൂളിന്‍റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലായെയും മറികടന്ന് മോഡ്രിച്ച് ഫിഫയുടെ പുരസ്‌കാരം നേടിയത്. യൂറോപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും മോഡ്രിച്ചിനായിരുന്നു. 

റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനലിലെത്തിച്ച് മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയതും റയലിന്‍റെ തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലെ സംഭാവനകളുമാണ് മോഡ്രിച്ചിനെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനാക്കിയത്. ഡിസംബര്‍ മൂന്നിന് പ്രഖ്യാപിക്കാനിരിക്കുന്ന ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള ഫേവറേറ്റുകളിലൊന്നായാണ് മോഡ്രിച്ച് വിലയിരുത്തപ്പെടുന്നത്. 

click me!