ക്രിസ്റ്റ്യാനോയുടെ മുന്നറിയിപ്പ്, കുലുക്കമില്ലാതെ റയല്‍

By Web deskFirst Published Jun 8, 2018, 11:00 AM IST
Highlights
  • ക്ലബ്ബുമായി താരത്തിന് പ്രതിഫല തര്‍ക്കം
  • ശുഭപ്രതീക്ഷയോടെ റയല്‍ മാ‍ഡ്രിഡ്


മാഡ്രിഡ്: ക്ലബ്ബ് വിടുമെന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരസ്യമായി സൂചനകള്‍ നല്‍കിയിട്ടും കുലുങ്ങാതെ റയല്‍ മാഡ്രിഡ്. താരം റയല്‍ വിടാന്‍ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. റൊണാള്‍ഡോ മുന്നോട്ട് വച്ച നിബന്ധനകള്‍ അംഗീകരിക്കാന്‍ ക്ലബ്ബ് തയാറാകാത്തതാണ് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലയണല്‍ മെസിയെയും നെയ്മറിനെയും പിന്നിലാക്കുന്ന കരാറാണ് റയലില്‍ നിന്ന് റൊണാള്‍ഡോ പ്രതീക്ഷിക്കുന്നത്. 2017ലെ ചാമ്പ്യന്‍സ് ലീഗ് ഫെെനലിന് ശേഷം റയല്‍ പ്രസിഡന്‍റ് ഫ്ളോറന്‍റിനോ പെരസ് നല്‍കിയ വാഗ്ദാനം പാലിക്കാത്തതും താരത്തെ അസ്വസ്ഥനാക്കി. 2021 വരെ ക്ലബ്ബുമായുള്ള കരാര്‍ 2024 വരെ നീട്ടാനും റൊണാള്‍ഡോ ആഗ്രഹിക്കുന്നു.

2016-17 സീസണിലെ ചാംപ്യന്‍സ് ലീഗില്‍ കിരീടം നേടിയതിന് പിന്നാലെ പ്രതിവര്‍ഷവേതനത്തില്‍ 14 ദശലക്ഷം യൂറോയുടെ വര്‍ധന പെരെസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പെരെസ് വാക്ക് പാലിച്ചില്ലെന്നാണ് റൊണാള്‍ഡോ ക്യാമ്പിന്‍റെ വാദം. റൊണാള്‍ഡോയുടെ ഏജന്‍റ് ജോര്‍ജി മെന്‍ഡസ് ഇന്ന് റയല്‍ ഉടമകളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം അതാത് ക്ലബ്ബുകളുമായി നടത്തിയ നീക്കങ്ങളിലൂടെ മെസിയും നെയ്മറും പ്രതിഫല കാര്യത്തില്‍ റൊണാള്‍ഡോയെക്കാള്‍ മുന്നിലെത്തിയിരുന്നു. മാഞ്ചസ്റ്റര്‍ യുണെെറ്റഡ്, പിഎസ്ജി തുടങ്ങിയ പേരുകളാണ് പോര്‍ച്ചുഗീസ് താരത്തെ ചുറ്റിപ്പറ്റി പറഞ്ഞു കേള്‍ക്കുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ മൂന്നാം കിരീടം ഉയര്‍ത്തിയതിന് പിന്നാലെ ഇത്രകാലം റയലില്‍ കളിച്ചതില്‍ സന്തോഷമുണ്ടെന്നും തന്‍റെ ഭാവിയെ കുറിച്ച് അടുത്ത് തന്നെ തീരുമാനമറിയിക്കാമെന്നും റൊണാള്‍ഡോ പറഞ്ഞിരുന്നു.

ഇതോടെയാണ് താരത്തെ ചുറ്റിപ്പറ്റി ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. പോര്‍ച്ചുഗലിനായി ലോകകപ്പിന്‍റെ ഒരുക്കങ്ങളിലുള്ള റൊണാള്‍ഡോയുടെ കാര്യത്തില്‍ റയല്‍ ഇപ്പോള്‍ ആശങ്കപ്പെടുന്നില്ല. താരം ടീമില്‍ തുടരുമെന്ന പ്രതീക്ഷയാണ് ക്ലബ്ബ് പുലര്‍ത്തുന്നത്.

click me!