ഓസ്ട്രേലിയന്‍ ഓപ്പണ്‍: ഫെഡറര്‍ ഫൈനലില്‍

By Web DeskFirst Published Jan 26, 2017, 12:02 PM IST
Highlights

മെല്‍ബണ്‍: പ്രായം തളര്‍ത്താത്ത പ്രതിഭാ സ്പര്‍ശവുമായി റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനലിലെത്തി. സെമിയില്‍ നാട്ടുകാരനും മൂന്നാം സീഡുമായ സ്റ്റാന്‍ വാവ്‌റിങ്കിയെ രണ്ടിനെതിരെ മൂന്ന് സെറ്റുകളില്‍ കീഴടക്കിയാണ് ഫെഡറര്‍ കിരീടപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. സ്കോര്‍ 7-5, 6-3, 1-6, 4-6, 6-3.

ആദ്യ രണ്ടു സെറ്റുകള്‍ കാര്യമായ വെല്ലുവിളിയില്ലാതെ സ്വന്തമാക്കിയ ഫെഡറര്‍ക്കെതിരെ അടുത്ത രണ്ടുസെറ്റുകളില്‍ വാവ്‌റിങ്ക മികച്ച പോരാട്ടമാണ് പുറത്തെടുത്തത്. ആദ്യ സെറ്റില്‍ ഒപ്പത്തിനൊപ്പം മുന്നേറിയശേഷമാണ് വാവ്‌റിങ്ക 7-5ന് സെറ്റ് കൈവിട്ടത്. എന്നാല്‍ രണ്ടാം സെറ്റില്‍ ഫെഡററുടെ ആധിപത്യത്തിന് മുന്നില്‍ വാവ്‌റിങ്ക നിഷ്പ്രഭനായി.

നിര്‍ണായക മൂന്നാം സെറ്റില്‍ ശക്തമായി തിരിച്ചടിച്ച വാവ്‌റിങ്ക 1-6ന് സെറ്റ് സ്വന്തമാക്കി മത്സരത്തിലേക്ക് തിരിച്ചെത്തി. അല്‍പം ക്ഷീണിതനായി കാണപ്പെട്ട ഫെഡററെ മറികടന്ന് നാലാം സെറ്റും വാവ്‌റിങ്ക നേടിയതോടെ മത്സരം നിര്‍ണായക അഞ്ചാം സെറ്റിലേക്ക് കടന്നു. എന്നാല്‍ ഊര്‍ജ്ജം കരുതിവെച്ചതുപോലെ അഞ്ചാം സെറ്റില്‍ കോര്‍ട്ട് നിറഞ്ഞ ഫെഡറര്‍ വാവ്‌റിങ്കയ്ക്ക് അവസരമൊന്നും നല്‍കാതെ സെറ്റും മത്സരവും സ്വന്തമാക്കി.

റാഫേല്‍ നദാല്‍- ഗ്രിഗര്‍ ദിമിത്രോവ് മത്സര വിജയികളാകും ഫൈനലില്‍ ഫെഡററുടെ എതിരാളി. നദാല്‍ ഫൈനലിലെത്തുകയാണെങ്കില്‍ വീണ്ടുമൊരു ഫെഡറര്‍-നദാല്‍ ക്ലാസിക് പോരാട്ടത്തിന് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സാക്ഷ്യം വഹിക്കും. 2012 വിംബിള്‍ഡണിലാണ് 35കാരനായ ഫെഡറര്‍ അവസാനമായി ഒരു ഗ്രാന്‍സ്ലാം കിരീടം നേടിയത്.

1974ല്‍ കെന്‍ റോസ്‌വെല്‍(39) യുഎസ് ഓപ്പണ്‍ ഫൈനലിലെത്തിയതിനുശേഷം ഒരു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കൂടി താരമാണ് ഫെഡറര്‍. അഞ്ചാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം തേടിയാവും ഫെഡറര്‍ ഞായറാഴ്ച ഫൈനലിനിറങ്ങുക. 2010ലാണ് ഫെഡറര്‍ അവസാനമായി ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയത്.

 

click me!