
ലീഡ്സ്: പരമ്പരയില്‍ മുന്നിലെത്താനുള്ള ലക്ഷ്യത്തോടെ മൂന്നാം ഏകദിനത്തില്‍ കളത്തിലിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടമായി. കഴിഞ്ഞ കളിയിലെ ബൗളിംഗ് മേധാവിത്വം തുടര്‍ന്ന ഇംഗ്ലീഷ് പടയ്ക്ക് മുന്നില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും വെള്ളം കുടിക്കുന്ന കാഴ്ചയാണ് ആദ്യ ഓവറുകളില്‍ കണ്ടത്. ധവാന്‍ ശ്രദ്ധയോടെ ബാറ്റ് വീശിയപ്പോള്‍ രോഹിത്തിന്‍റെ ശൗര്യത്തെ പിടിച്ചുകൊട്ടാന്‍ വില്ലിക്കും സംഘത്തിനും സാധിച്ചു.
റണ്‍സ് കണ്ടെത്താന്‍ സാധിക്കാതായതോടെ വന്‍ ഷോട്ടിന് ശ്രമിച്ച രോഹിത് 18 പന്തില്‍ രണ്ടു റണ്‍സുമായി മടങ്ങി. പിന്നീടെത്തിയ കോലിയും ധവാനും പിടിച്ചു നിന്നതോടെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് ചലിച്ചു തുടങ്ങി. നിലയുറപ്പിച്ചതോടെ ഇരുവരും ടോപ് ഗിയറിലേക്ക് സ്കോറിംഗ് മാറ്റി. പക്ഷേ, അര്‍ധ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ധവാനെ തേടി നിര്‍ഭാഗ്യം വന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
അനാവശ്യ റണ്ണിനായി ഓടിയ ധാവനെ കോലി മടക്കിയെങ്കിലും സ്റ്റോക്സിന്‍റെ കൃത്യം ത്രോ അപ്പോഴേക്കും സ്റ്റംപ്സ് തെറിപ്പിച്ചിരുന്നു. 49 പന്തില്‍ 44 റണ്‍സായിരുന്നു ധവാന്‍റെ സമ്പാദ്യം. ഐപിഎല്ലില്‍ അടക്കം മികച്ച ഫോമിലുണ്ടായിരുന്ന ദിനേശ് കാര്‍ത്തിക്കാണ് ധവാന് പകരം ക്രീസില്‍ എത്തിയിരിക്കുന്നത്. 21 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. പരമ്പരിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ നിര്‍ത്തിപ്പൊരിച്ചതിന്‍റെ ആത്മവിശ്വാസത്തില്‍ കളത്തിലിറങ്ങിയ ഇംഗ്ലീഷ് പടയെ ടോസ് ഭാഗ്യം തുണച്ചിരുന്നു.
രണ്ടാം മത്സരത്തിലെ തോല്‍വിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ലീഡ്സില്‍ ഇറങ്ങിയത്. ഉമേഷ് യാദവ്, കെ.എല്‍. രാഹുല്‍, സിദ്ധാര്‍ഥ് എന്നിവര്‍ ടീമിന് പുറത്തായപ്പോള്‍ മിന്നുന്ന ഫോമിലുള്ള ദിനേശ് കാര്‍ത്തിക്, ഭുവനേശ്വര്‍ കുമാര്‍, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ടീമിലെത്തി. കഴിഞ്ഞ കളിയില്‍ ഇന്ത്യന്‍ ബൗളിംഗിന് വന്ന പോരായ്മകള്‍ ഭുവനേശ്വറിലൂടെ മാറ്റിയെടുക്കാന്‍ സാധിക്കുമെന്നാണ് കോലിയുടെ പ്രതീക്ഷ.
അതേസമയം, ഇന്ത്യയെ വിറപ്പിച്ച ടീമില്‍ ഒരു മാറ്റം മാത്രമാണ് ഇംഗ്ലണ്ട് വരുത്തിയിരിക്കുന്നത്. ഓപ്പണര്‍ ജേസണ്‍ റോയിക്ക് പകരം വിന്‍സ് ടീമിലെത്തി. പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയം നേടിയപ്പോള്‍ രണ്ടാമത്തെ പോരാട്ടത്തില്‍ ഇംഗ്ലീഷ് പട വെന്നിക്കൊടി പാറിച്ചിരുന്നു. ഇതോടെ ഇന്ന് ജയിക്കുന്ന ടീമിന് മുന്നിലെത്താന്‍ സാധിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!