ശാസ്ത്രിയ്ക്കായി സച്ചിന്‍ ഇറങ്ങിയപ്പോള്‍ ദ്രാവിഡിനെയും സഹീറിനെയും ഇറക്കി ഗാംഗുലിയുടെ പൂഴിക്കടകന്‍ പ്രയോഗം

By സി ഗോപാലകൃഷ്ണന്‍First Published Jul 11, 2017, 11:40 PM IST
Highlights

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി രവി ശാസ്ത്രിയെ തെരഞ്ഞെടുത്തതില്‍ വിജയിച്ചത് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സമ്മര്‍ദ്ദമാണെങ്കില്‍ ദ്രാവിഡിനെയും സഹീറിനെയും പരിശീലക സംഘത്തില്‍ ഉള്‍പ്പെടുത്തി സൗരവ് ഗാംഗുലി പ്രയോഗിച്ചത് അക്ഷരാര്‍ത്ഥത്തില്‍ പൂഴിക്കടകന്‍. പുതിയ പരിശീലകനെ തെരഞ്ഞെടുക്കാനുള്ള ബിസിസിഐ ഉപദേശക സമിതിയില്‍ ശാസ്ത്രിക്കായി സച്ചിനും സെവാഗിനും ടോം മൂഡിക്കും വേണ്ടി ഗാംഗുലിയും രഗത്തുവന്നിരുന്നു.

കഴിഞ്ഞ വര്‍ഷം കോച്ചാകുമെന്ന് കരുതിയ ശാസ്ത്രിയെ തഴഞ്ഞ് അനില്‍ കുംബ്ലെയെ തെരഞ്ഞെടുത്തപ്പോള്‍ വിജയിച്ചത് ഗാംഗുലിയുടെ തന്ത്രങ്ങളായിരുന്നു. അന്നും സച്ചിന്‍ ശാസ്ത്രിക്കായി വാദിച്ചുവെങ്കിലും സ്കൈപ്പ് വഴി അഭിമുഖത്തില്‍ പങ്കെടുത്തതും കുംബ്ലെയുടെ മികച്ച അവതരണവും ശാസ്ത്രിക്ക് മുന്നില്‍ വിലങ്ങുതടിയായി. കോച്ചാവണമെന്ന് ആഗ്രഹിക്കുന്നവര്‍ നേരിട്ടെത്തി അഭിമുഖത്തിന് ഹാജരാവുകയാണ് വേണ്ടതെന്നും ഗാംഗുലി അന്ന് തുറന്നടിച്ചിരുന്നു.

ഇന്ത്യന്‍ ടീമിന്റെ എക്കാലത്തെയും മികച്ച നായകന്‍മാരെ തെരഞ്ഞെടുത്തപ്പോള്‍ ഗാംഗുലിയുടെ പേര് മനപൂര്‍വം ഒഴിവാക്കിയും ധോണിയെ മികച്ച നായകനാക്കിയുമാണ് ശാസ്ത്രി ഇതിനോട് പ്രതികരിച്ചത്. അന്ന് തുടങ്ങിയ അകല്‍ച്ച ഇപ്പോഴും ശക്തമാണ്. എന്നാല്‍ അനില്‍ കുംബ്ലെ, കോലിയുമായുണ്ടായ  പോരിനെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞതോടെ പുതിയ പരിശീലകനെ തെരഞ്ഞെടുക്കേണ്ടത് അനിവാര്യമായി. ആദ്യം അപേക്ഷ ക്ഷണിച്ചപ്പോള്‍ ലഭിച്ച അപേക്ഷകളില്‍ വീരേന്ദര്‍ സെവാഗിനോടായിരുന്നു ഗാംഗുലിക്ക് താല്‍പര്യം. ഉപദേശക സമിതിയിലെ മൂന്നാമത്തെ അംഗമായ ലക്ഷ്മണ്‍ ഈഘട്ടത്തിലൊന്നും നിലപാട് വ്യക്തമാക്കിയതുമില്ല.

എന്നാല്‍ കോലിയുടെ കൂടി താല്‍പര്യം കണക്കിലെടുത്ത് പരിശീലക സ്ഥാനത്തേക്ക് വീണ്ടും അപേക്ഷ ക്ഷണിക്കാന്‍ ബിസിസിഐ തീരുമാനിച്ചതോടെ സച്ചിന്റെ കൂടി നിര്‍ബന്ധത്തിലാണ് ശാസ്ത്രി വീണ്ടും അപേക്ഷ നല്‍കിയത്. സ്ഥാനം ഉറപ്പുണ്ടെങ്കില്‍ മാത്രമെ അപേക്ഷിക്കുവെന്ന് ശാസ്ത്രി വ്യക്തമാക്കിയിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ശാസ്ത്രിയുടെ അപേക്ഷ ലഭിച്ചിട്ടും സെവാഗിനെയോ ടോം മൂഡിയെയോ പരിശീലകനാക്കണമെന്നാണ് ഉപദേശക സമിതിയില്‍ ഗാംഗുലി ശക്തമായി വാദിച്ചത്. എന്നാല്‍ ലണ്ടനിലുള്ള ശാസ്ത്രി അഭിമുഖത്തില്‍ സ്കൈപ്പ് വഴിയാണ് പങ്കെടുത്തതെങ്കിലും മികച്ച അവതരണമാണ് നടത്തിയത്. ഗാംഗുലിയുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കുകയും ചെയ്തു.

ഇതോടെ ശാസ്ത്രിയെ കോച്ചാക്കണമെന്ന സച്ചിന്റെ നിലപാട് മനസില്ലാ മനസോടെയെങ്കിലും ഗാംഗുലിക്ക് സമ്മതിക്കേണ്ടിവന്നു. പരിശീലകനെന്ന നിലയില്‍ സെവാഗിന് പരിചയസമ്പത്തില്ലാത്തതും ഗാംഗുലിയുടെ വാദങ്ങള്‍ ദുര്‍ബലമാക്കി. ഇതോടെയാണ് ഗാംഗുലി പതിനെട്ടാമത്തെ അടവ് പുറത്തെടുത്തത്. അഭിമുഖത്തിനിടെ തന്നെ താങ്കള്‍ ആഗ്രഹിക്കുന്ന സപ്പോര്‍ട്ട് സ്റ്റാഫിനെ നല്‍കില്ലെന്ന് ഗാംഗുലി ശാസ്ത്രിയോട് വ്യക്തമാക്കിയിരുന്നു. ഒപ്പം ബൗളിംഗ് പരിശീലകനായി സഹീറിനെ നിയോഗിക്കണമെന്നും ഗാംഗുലി ആവശ്യപ്പെട്ടു.

എന്നാല്‍ ശാസ്ത്രിക്ക് സഹീറില്‍ താല്‍പര്യമില്ലായിരുന്നു. നായകന്‍ കോലിയോടും സഹീറിന്റെ കാര്യം ഗാംഗുലി പറഞ്ഞുവെങ്കിലും കുറച്ചുകാലത്തേക്ക് വേണമെങ്കില്‍ സഹീറിനെ ബൗളിംഗ് കണ്‍സള്‍ട്ടന്റാക്കാമെന്നായിരുന്നു കോലിയുടെ നിലപാട്. ഇതോടെയാണ് ആര്‍ക്കും എതിര്‍ക്കാന്‍ കഴിയാത്ത അടിമുടി മാന്യനായ ദ്രാവിഡിനെ വിദേശ പരമ്പരകളില്‍ ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി നിയമിക്കാനും സഹീറിനെ ബൗളിംഗ് പരിശീലകനായി നിയമിക്കാനും ഗാംഗുലി കരുക്കള്‍ നീക്കിയത്. ഇതിനെ എതിര്‍ക്കാന്‍ സച്ചിനും ബുദ്ധിമുട്ടായിരുന്നു.

സച്ചിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് സഹീര്‍. ടീം ഇന്ത്യയിലും മുംബൈ ഇന്ത്യന്‍സില്‍ ഏറെക്കാലം സഹതാരവുമായിരുന്നു. ദ്രാവിഡുമായും ദീര്‍ഘകാലത്തെ സഹൃദമുള്ള സച്ചിന് ഇരുവരുടെയും പേരുകള്‍ എതിര്‍ക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞായിരുന്നു ഗാംഗുലിയുടെ പൂഴിക്കടകന്‍ പ്രയോഗം. ഇത് വിജയിച്ചതോടെ ടീം ഇന്ത്യക്കുമേല്‍ രവി ശാസ്ത്രിക്ക് ലഭിക്കുമായിരുന്ന അപ്രമാദിത്വമാണ് ദാദ ഒറ്റയടിക്ക് ഇല്ലാതാക്കിയത്. ക്യാപ്റ്റനായിരുന്നപ്പോള്‍ അപ്രതീക്ഷിത തീരുമാനങ്ങളിലൂടെ എതിരാളികളെ അമ്പരപ്പിച്ചിട്ടുള്ള ഗാംഗുലിയുടെ മറ്റൊരു മാസ്റ്റര്‍ സ്ട്രോക്കായി ഈ നീക്കം വിലയിരുത്തപ്പെടുന്നു.

പരിശീലകന്‍ എന്ന നിലയില്‍ ശാസ്ത്രിക്കും ക്യാപ്റ്റനെന്ന നിലയില്‍ കോലിക്കും ചേര്‍ന്ന് മാത്രം ഇനി എല്ലാ തീരുമാനങ്ങളും എടുക്കാനാവില്ല. സ്വാഭാവികമായും ദ്രാവിഡിന്റെയും സഹീറിന്റെയും അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കേണ്ടിവരും. ടീം ഇന്ത്യയില്‍ ഒറ്റയ്ക്ക് പിടിമുറുക്കി ഗുരു ശാസ്ത്രിയാവാമെന്ന രവി ശാസ്ത്രിയുടെ മോഹങ്ങള്‍ കൂടിയാണ് ദാദയുടെ നീക്കത്തില്‍ പൊളിഞ്ഞത്.

click me!