ബെന്‍ക്രോഫ്റ്റ് മാത്രമല്ല; സച്ചിനും ദ്രാവിഡും ഇന്‍സമാമും... നിര നീളുന്നു

By web deskFirst Published Mar 25, 2018, 7:20 PM IST
Highlights
  • 2001ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ സച്ചിൻ പന്തിൽ കൃത്രിമം കാട്ടിയെന്ന് വിധിച്ച മാച്ച് റഫറി മൈക്ക് ഡെനിസ് ഒരു മത്സരത്തിൽ നിന്ന് സച്ചിനെ  വിലക്കി.

പന്തിൽ കൃത്രിമം കാണിച്ചതിനെച്ചൊല്ലിയുള്ള വിവാദം ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കുന്നത് ഇതാദ്യമല്ല. ഇതിഹാസതാരങ്ങളായ  സച്ചിന്‍ ടെന്‍ഡുല്‍ക്കറും രാഹുല്‍  ദ്രാവിഡും ഇൻസമാം ഉൾ ഹഖും സമാന ആരോപണത്തിൽ പ്രതിസ്ഥാനത്ത് നിന്നിട്ടുണ്ട്.  ഇതില്‍ ഇന്‍സമാം ക്യാപ്റ്റന്‍ ആയിരുന്നപ്പോഴാണ് മത്സരം പാതിയില്‍ ഉപേക്ഷിച്ചത്. 2006ൽ  ഇംഗ്ലണ്ട്, പാകിസ്ഥാൻ ഓവൽ ടെസ്റ്റിനിടെയാണ് സംഭവം. 

പാക് ഇതിഹാസതാരം ഇൻസമാം ഉൾ ഹഖ്  പന്തിൽ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് അംപയര്‍ ഡാരൽ ഹെയര്‍ അഞ്ച് റണ്‍സ് പെനാൽറ്റി വിധിച്ചു. ഇതിൽ പ്രതിഷേധിച്ച് പാക് ടീം മത്സരത്തിൽ നിന്ന് പിൻമാറി. മാച്ച് റഫറി ഇംഗ്ലണ്ടിനെ ജേതാക്കളായി പ്രഖ്യാപിച്ചു. പിന്നീട് ഐസിസി നടത്തിയ അന്വേഷണത്തിൽ ആരോപണം തള്ളുകയും, മത്സരം സമനിലയായി പ്രഖ്യാപിക്കുകയും ചെയ്തു.

ഒരിക്കല്‍ സച്ചിൻ ടെന്‍ഡുല്‍ക്കറും ആരോപണ വിധേയനായി.  2001ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ സച്ചിൻ പന്തിൽ കൃത്രിമം കാട്ടിയെന്ന് വിധിച്ച മാച്ച് റഫറി മൈക്ക് ഡെനിസ് ഒരു മത്സരത്തിൽ നിന്ന് സച്ചിനെ  വിലക്കി. മത്സരത്തിന്‍റെ 75 ശതമാനം പിഴയും സച്ചിന്‍ ചുമത്തിയിരുന്നു. എന്നാൽ പന്തിൽ പറ്റിപിടിച്ച പുല്ലു കളയുകയായിരുന്നു എന്നായിരുന്നു സച്ചിന്‍റെ വിശദീകരണം. 

രാഹുൽ ദ്രാവിഡും  കുഴപ്പത്തിൽ ചാടിയിട്ടുണ്ട്. 2004ല്‍ സിംബാബ്വെയ്ക്ക് എതിരായിരുന്നു സംഭവം. പന്തിന്‍റെ തിളക്കമുള്ള ഭാഗത്ത് ച്യൂയിംഗത്തിന്‍റെ ജെല്ലി പുരട്ടിയതായിരുന്നു ദ്രാവിഡ് ചെയ്ത കുറ്റം. എന്നാല്‍ പന്തിന്‍റെ ഇക്കാര്യത്തെ കുറിച്ച് അറിയില്ലായിരുന്നു എന്നായിരുന്നു ദ്രാവിഡിന്‍റെ പ്രതികരണം. മാച്ച് ഫീയുടെ 50 ശതമാനം പിഴയൊടുക്കേണ്ടി വന്നു ദ്രാവിഡിന്. 

ഇതേ വിവാദത്തിൽ കുടുങ്ങിയ മറ്റൊരു പാക് താരം ഷാഹിദ് അഫ്രീദിയാണ്. 2010ൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ പന്തുകടിച്ചാണ് അഫ്രീദി പൊല്ലാപ്പ് പിടിച്ചത്. രണ്ട് ട്വന്‍റി 20 മത്സരങ്ങളില്‍ നിന്ന് താരത്തിന് വിലക്കേര്‍പ്പെടുത്തി. പന്തിൽ ചൂയിംഗം തേച്ചെന്ന പേരിൽ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലസി മാച്ച് ഫീയുടെ 100 ശതമാനം പിഴയൊടുക്കേണ്ടി വന്നത് 2016ലായിരുന്നു. 

click me!