Latest Videos

പൃഥ്വി ഷാ ടീമിലെത്തുമെന്ന് സച്ചിന്‍ 10 വര്‍ഷം മുന്‍പ് പ്രവചിച്ചിരുന്നു!

By Web TeamFirst Published Aug 23, 2018, 10:32 PM IST
Highlights

ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റിനുള്ള ടീമില്‍ പൃഥ്വി ഷായെ ഉള്‍പ്പെടുത്തിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതാണ് ഷായെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. എന്നാല്‍ കൗമാര താരം പൃഥ്വി ഷാ ഇന്ത്യന്‍ ടീമിലെത്തുമെന്നത് സച്ചിന്‍ 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവചിച്ചിരുന്നു. ഷായ്ക്ക് എട്ട് വയസ് മാത്രമുള്ളപ്പോഴായിരുന്നു ആ പ്രവചനം.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ ഒട്ടും ‍ഞെട്ടിയിട്ടുണ്ടാവില്ല. ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച കൗമാര താരം പൃഥ്വി ഷാ ടീമിലെത്തി എന്നതായിരുന്നു ശ്രദ്ധേയം. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന 18കാരന് ടെസ്റ്റ് ക്ഷണം ലഭിച്ചതില്‍ അത്ഭുതപ്പെടാനില്ല.

എന്നാല്‍ കുഞ്ഞ് ഷാ ഇന്ത്യന്‍ ജഴ്‌സിയണിയുമെന്ന് 10 വര്‍ഷങ്ങള്‍ക്ക് മുന്‍പേ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പ്രവചിച്ചിരുന്നു. തന്‍റെ ആപ്പിലൂടെ ആരാധകരോട് നടത്തിയ സംഭാഷണത്തിലാണ് സച്ചിന്‍റെ വെളിപ്പെടുത്തല്‍. പത്ത് വര്‍ഷം മുന്‍പ് സുഹൃത്തുക്കളിലൊരാളാണ് ഷായെ കുറിച്ച് തന്നോടുപറഞ്ഞത്. ഷായുടെ ബാറ്റിംഗ് കണ്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടു. ഷായ്ക്കൊപ്പം സമയം ചിലവഴിച്ചശേഷം ബാറ്റിംഗ് മെച്ചപ്പെടുത്താന്‍ ചില നിര്‍ദേശങ്ങള്‍ താന്‍ നല്‍കി. ഒരിക്കല്‍ ഷാ ഇന്ത്യക്കായി കളിക്കുമെന്ന് അന്ന് ആ സുഹൃത്തിനോട് പറഞ്ഞതായി സച്ചിന്‍ ഓര്‍മ്മിക്കുന്നു.

രഞ്ജി ട്രോഫിയില്‍ 2016-17 സീസണില്‍ 16-ാം വയസില്‍ മുംബൈക്കായി സെമിയില്‍ കളിച്ചതോടെയാണ് ഷായില്‍ ഏവരുടെയും ശ്രദ്ധ പതിയുന്നത്. അണ്ടര്‍ 19 ടീമിനെ ലോകകപ്പ് ജേതാക്കളുമാക്കി. ഐപിഎല്ലില്‍ ഒമ്പത് മത്സരങ്ങളില്‍ 245 റണ്‍സ് അടിച്ചെടുത്തതോടെ മാറ്റുകൂടി. 14 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ മികച്ച ആവറേജും(56.72) താരത്തിനുണ്ട്. ഷായ്ക്കൊപ്പം ഹൈദരാബാദ് ബാറ്റ്സ്‌മാന്‍ ഹനുമാ വിഹാരിക്കും കന്നി ടെസ്റ്റ് ക്ഷണം ലഭിച്ചിട്ടുണ്ട്. ഫോമിലല്ലാത്ത ഓപ്പണര്‍ മുരളി വിജയിക്കും ചൈനാമാന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവിനും പകരമായാണ് ഇരുവരുമെത്തുന്നത്. 
 

click me!