
കൊല്‍ക്കത്ത: 72ാമത് സന്തോഷ് ട്രോഫി കിരീടം കേരളത്തിന്. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആതിഥേയരായ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് കേരളം കിരീടം നേടിയത്. സന്തോഷ് ട്രോഫി ഫൈനലില്‍ ബംഗാളിനെ ഒരിക്കല്‍ പോലും തോല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ലെന്ന പാപക്കറയും കോച്ച് സതീവന്‍ ബാലന്റെ കുട്ടികള്‍ കഴുകി കളഞ്ഞു.
മത്സരത്തിന്റെ നിശ്ചിത സമയവും അധിക സമയവും സമനിലയില്‍ പിരിഞ്ഞപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കേരളം വിജയികളായത്. കേരളത്തിനായി കിക്കെടുത്ത രാഹുല്‍ വി. രാജ്, ജിതിന്‍ ഗോപാല്‍, ജസ്റ്റിന്‍ സീസണ്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. ഗോള്‍ കീപ്പര്‍ വി. മിഥുന്‍ രണ്ട് കിക്കുകള്‍ തടുത്തിട്ട് കിരീടനേട്ടത്തില്‍ നിര്‍ണായക സാന്നിധ്യമായി.
നേരത്തെ മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരുവരും ഓരോ ഗോള്‍ വീതം നേടി. 19ാം മിനിറ്റില്‍ എം.എസ്. ജിതിനാണ് കേരളത്തിന്റെ ഗോള്‍ നേടിയത്. പിന്നാലെ രണ്ടാം പകുതിയില്‍ ജിതന്‍ മുര്‍മുവാണ് ബംഗാളിന്റെ സമനില ഗോള്‍ നേടി. തുടര്‍ന്നാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്. പകരക്കാരന്‍ ബിപിന്‍ തോമസിലൂടെ കേരളം വീണ്ടും ലീഡ് നേടി. എന്നാല്‍ അധിക സമയത്തിന്റെ ഇഞ്ചുറി സമയത്ത് തീര്‍ഥങ്കര്‍ സര്‍ക്കാര്‍ നേടിയ ഗോള്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീട്ടി. ഫ്രീകിക്കിലൂടെയായിരുന്നു തീര്‍ഥങ്കറിന്റെ ഗോള്‍.
പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ട്. ബംഗാളിന്റെ ആദ്യ കിക്ക് തന്നെ ഗോള്‍ കീപ്പര്‍ വി. മിഥുന്‍ തടുത്തിട്ടു. കേരളത്തിന്റെ ആദ്യ കിക്ക് ക്യാപ്റ്റന്‍ രാഹുല്‍ വി. രാജ് ഗോളാക്കി മാറ്റി. ബംഗാളിന്റെ രണ്ടാം കിക്കെടുത്തത് നബി ഹുസൈന്‍. അതും മിഥുന്റെ കൈയില്‍ ഭദ്രമായി. കേരളത്തിനായി ജിതിന്‍ ഗോപാല്‍ ലക്ഷ്യത്തിലെത്തിച്ചു. ബംഗാളിന്റെ അടുത്ത ശ്രമം തീര്‍ത്ഥങ്കര്‍ ഗോളാക്കി. കേരളത്തിന്റെ ജസ്റ്റിനും പിഴച്ചില്ല. നാലാം കിക്ക് ബംഗാള്‍ താരം ഗോളാക്കിയെങ്കിലും നിര്‍ണായക കിക്ക് ഗോളാക്കി സീസണ്‍ ആറാം സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!