മരണം മുന്നില്‍ക്കണ്ട അനുഭവം പങ്കുവെച്ച് സെറീന വില്യംസ്

By Web DeskFirst Published Feb 21, 2018, 11:54 AM IST
Highlights

വാഷിംഗ്ടണ്‍: മരണമുഖത്തു നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന അനുഭവം പങ്കവെച്ച് മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെറീന വില്യംസ്. സിഎന്‍എന്നില്‍ എഴുതിയ കോളത്തിലാണ് പ്രസവ സമയത്തെ സങ്കീര്‍ണതകള്‍ കാരണം താന്‍ മരിച്ചുവെന്ന് കരുതിയെന്ന് സെറീന തുറന്നെഴുതുന്നത്. മകള്‍ ഒളിംപിയയുടെ പ്രസവുമായി ബന്ധപ്പെട്ട് ചില സങ്കീര്‍ണതകള്‍ ഉണ്ടായിരുന്നതായി സെറീന മുമ്പ് വെളിപ്പെടുത്തിയിരുന്നു. പ്രസവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളെ തുടര്‍ന്ന് ആറാഴ്ചയോളം സെറീന ബെഡ് റെസ്റ്റ് എടുത്തിരുന്നു. തുടര്‍ന്ന് പ്രശ്നങ്ങള്‍ വഷളായതോടെ അടിയന്തര ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.

മകള്‍ ഒളിംപിയക്ക് ജന്‍മം നല്‍കിയപ്പോള്‍ ഞാന്‍ ഏതാണ്ട് മരിച്ചുവെന്ന് തന്നെ കരുതി. ഒരു കൂട്ടം മികച്ച ഡോക്ടര്‍മാരുടെ സംഘമാണ് എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അവരുടെ സേവനം അന്ന് ലഭിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് ഇതെഴുതാന്‍ ഞാനുണ്ടാവില്ലായിരുന്നു-സെറീന എഴുതി. ശ്വസന സംബന്ധമായ അസുഖങ്ങളും കടുത്ത ചുമയും പ്രസവം കൂടുതല്‍ സങ്കീര്‍ണമാക്കി. ഇതിനുപുറമെ സിസേറിയന്‍ സമയത്ത് എന്റെ അടിവയറ്റില്‍ രക്തം കട്ടപിടിച്ച വലിയ മുഴയും ഡോക്ടര്‍മാര്‍ കണ്ടെത്തി. എന്നാല്‍ മികച്ച ഡോക്ടര്‍മാരുടെ സേവനം തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നുവെന്നും സെറീന എഴുതുന്നു.

ഓപ്പണ്‍ യുഗത്തില്‍ 23 ഗ്രാന്‍ സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ സെറീന പ്രസവത്തിനും വിശ്രമത്തിനുംശേഷം ഏതാനും ദിവസം മുമ്പാണ് കോര്‍ട്ടിലേക്ക് തിരികെ എത്തിയത്. ഫെഡറേഷന്‍ കപ്പില്‍ അമേരിക്കയെ പ്രതിനിധീകരിച്ച് ഡബിള്‍സിലായിരുന്നു സെറീനയുടെ മടങ്ങിവരവ് മത്സരം.

click me!