ഇത് കോലിയുടെ പിന്‍ഗാമി; ശുബ്‌മാന്‍ ഗില്ലിനെ വാഴ്‌ത്തി ക്രിക്കറ്റ് ലോകം

By Web DeskFirst Published Jan 31, 2018, 1:11 PM IST
Highlights

ദില്ലി: സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ശുബ്മാന്‍ ഗില്ലിന്റെ എക്കാലത്തെയും ഇഷ്ടതാരം. പക്ഷെ വിരാട് കോലിയോടുള്ള ആരാധനക്കും കുറവൊന്നുമില്ല. സച്ചിനെ ഇഷ്ടപ്പെടുമ്പോഴും കോലിയുടെ ട്രേഡ് മാര്‍ക്ക് ഷോട്ടുകളടെ വീഡിയോ യുട്യൂബിലൂടെ കണ്ട് അത് ഗ്രൗണ്ടില്‍ അനുകരിക്കാന്‍ ശുബ്മാന്‍ ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഹെല്‍മെറ്റിട്ട് ബാറ്റ് ചെയ്യുന്ന ശുബ്മാനെ കണ്ടാല്‍ ആരാധകര്‍ കോലിയാണോ എന്ന് തെറ്റിദ്ധരിച്ചാല്‍ അവരെ കുറ്റം പറാനാവില്ല.

അണ്ടർ 19 ലോകകപ്പ് സെമിയിൽ പാക്കിസ്ഥാനെതിരെ പുറത്താകാതെ നേടിയ സെഞ്ചുറി (102)യിലൂടെ ശുബ്മാന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ താരോദയമായിരിക്കുന്നു. അതിനുമുമ്പെ ശുബ്മാന്റെ ക്ലാസ് തിരിച്ചറിഞ്ഞ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്  ഐപിഎൽ ലേലത്തിൽ 1.8 കോടി രൂപ വിലയിട്ടു ശുബ്മാനെ സ്വന്തമാക്കിയിരുന്നു. അണ്ടര്‍ 19 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ സെഞ്ചുറിക്കു മുമ്പെ ശുബ്മാന്‍ യുവ ഇന്ത്യയുടെ മിസ്റ്റര്‍ കണ്‍സിസ്റ്റന്റാണ്. ലോകകപ്പില്‍ ഇതുവരെ കളിച്ച അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 170.5 ശരാശരിയില്‍ 341 റണ്‍സാണ് ശുബ്മാന്‍ അടിച്ചെടുത്തത്. മൂന്ന് അര്‍ധസെഞ്ചുറികളും ഒരു സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു.

മകന്റെ ക്രിക്കറ്റ് ഭാവി കണക്കിലെടുത്ത് പഞ്ചാബിലെ കർഷക ഗ്രാമമായ ഫസിൽക്കയില്‍ നിന്ന് മൊഹാലിയിലെ വാടകവീട്ടിലേക്കു താമസം മാറ്റിയ ആളാണ് ശുബ്മാന്റെ പിതാവ് ലാഖ്‌വിന്ദര്‍. ശുബ്മാന്റ ക്രിക്കറ്റ് തടസപ്പെടാതിരിക്കാനായി പലപ്പോഴും കുടുംബത്തിലെ വിവാഹം അടക്കമുള്ള വിശേഷാവസരങ്ങള്‍പോലും വേണ്ടെന്നുവെച്ചിട്ടുണ്ടെന്ന് ലാഖ്‌വിന്ദര്‍ പറഞ്ഞു.

പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ മധ്യനിര തകര്‍ച്ച നേരിട്ടപ്പോള്‍ ക്രീസിലെത്തിയ ശുബ്മാനോട് കോച്ചായ രാഹുല്‍ ദ്രാവിഡ് ഒറ്റകാര്യമേ ആവശ്യപ്പെട്ടുള്ളു. പന്ത് പൊക്കിയടിക്കാതെ പരമാവധി ഗ്രൗണ്ട് ഷോട്ടുകൾക്കു ശ്രമിക്കുക.

അതുകൊണ്ടുതന്നെ, തന്റെ സ്വതസിദ്ധമായ അക്രമണോത്സുകത മാറ്റിവെച്ച് സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും സ്കോര്‍ ഉയര്‍ത്താനായിരുന്നു ശുബ്മാന്‍ ശ്രമിച്ചത്.

പഞ്ചാബിനായി ഇതുവരെ രണ്ട് രഞ്ജി മത്സരങ്ങള്‍ മാത്രമെ ശുബ്മാന്‍ കളിച്ചിട്ടുള്ളു. ഇതില്‍ ഒരു സെഞ്ചുറിയും നേടി. അണ്ടര്‍ 16 വിജയ് മെര്‍ച്ചന്റെ ട്രോഫിയില്‍ ഡബിള്‍ സെഞ്ചുറി അടിച്ചാണ് ശുബ്മാന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കുള്ള വരവറിയിച്ചത്. അണ്ടര്‍ 19 ലോകകപ്പിനെത്തുമ്പോള്‍ ക്യാപ്റ്റന്‍ പൃഥ്വി ഷായിലായിരുന്നു ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ കണ്ണ്. എന്നാല്‍ ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ 54 പന്തില്‍ 63 റണ്‍സടിച്ച ശുബ്മാന്‍ സിംബാബ്‌വെയ്ക്കെതിരായ അടുത്ത മത്സരത്തില്‍ ശുബ്മാന്‍ 59 പന്തില്‍ നേടിയത് 90 റണ്‍സ്.

ബംഗ്ലാദേശിനെതിരായ ക്വാര്‍ട്ടറില്‍ 86 റണ്‍സടിച്ച ശുബ്മാന്‍ സെമിയില്‍ സെഞ്ചുറിയടിച്ചു. വെറുതയെല്ല, ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന കാലത്ത് നിരവധി പ്രതിഭകളെ വാര്‍ത്തെടുത്ത മുന്‍ നായകന്‍ സൗരവ് ഗാംഗുലി പറഞ്ഞത്. പൃഥ്വി ഷായെക്കാള്‍ മികച്ച കളിക്കാരന്‍ ശുബ്മാന്‍ തന്നെയാണെന്ന്. ശുബ്മാനില്‍ ബ്രയാന്‍ ലാറയെയും കെയ്ന്‍ വില്യാംസണെയുംമാണ് താന്‍ കാണുന്നത് എന്നുകൂടി ദാദ പറഞ്ഞുവെച്ചു.

മുഹമ്മദ് കൈഫും യുവരാജ് സിംഗും രവീന്ദ്ര ജഡേജയും വിരാട് കോലിയുമെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിന്റെ നടുമുറ്റത്തേക്ക് കസേര വലിച്ചിട്ടിരുന്നത് കൗമാര ലോകകപ്പിലെ പ്രകടനങ്ങളെത്തുടര്‍ന്നായിരുന്നു. ഫൈനലില്‍ ഒരിക്കല്‍ കൂടി ഓസ്ട്രേലിയയെ കീഴടക്കി ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ശുബ്മാന്‍ യുഗത്തിന്റെ പിറവി കൂടിയാകുമത്. ക്രിക്കറ്റിനുവേണ്ടി ജിവത്തില്‍ പലതും ഉപേക്ഷിച്ചിട്ടുള്ള ശുബ്മാന് ഇനിയുള്ള ശ്രദ്ധയും ക്രിക്കറ്റില്‍ മാത്രമാകണമെന്നുമാത്രമെ ഇപ്പോള്‍ ആരാധകര്‍ ആഗ്രഹിക്കുന്നുള്ളു.

click me!