ബാലാജി ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു; ഇനി പരിശീലകന്‍

By Web DeskFirst Published Sep 15, 2016, 10:16 AM IST
Highlights

ചെന്നൈ: ഫാസ്റ്റ് ബൗളർ ലക്ഷ്മിപതി ബാലാജി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 34കാരനായ ബാലാജി  തമിഴ്‌നാട് ടീമിന്റെ ബൗളിംഗ് കോച്ചായി ഉടന്‍ ചുമതലയേൽക്കും. 16 വര്‍ഷം നീണ്ട കരിയറില്‍ 2004ലെ പാകിസ്ഥാൻ പര്യനടത്തിലെ പ്രകടനമാണ് ബാലാജിയെ രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനാക്കിയത്.

റാവല്‍പിണ്ടിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഏഴു വിക്കറ്റ് വീഴ്‌ത്തിയ ബാലാജി വരവറിയിച്ചു. വിക്കറ്റ് വീ‌ഴ്‌ത്തിയാലും അമിത ആവേശം കാട്ടാത്ത ബാലാജിയുടെ നിഷ്കളങ്കമായ ചിരിക്ക് ഇന്ത്യയിലും പാക്കിസ്ഥാനിലും ഏറെ ആരാധകരുണ്ടായിരുന്നു. ചിരിക്കുന്ന കൊലയാളിയെന്നായിരുന്നു പാക്കിസ്ഥാനെതിരായ പരമ്പരയില്‍ 12 വിക്കറ്റ് വീഴ്‌ത്തി തിളങ്ങിയ ബാലാജിയെ അന്ന് പാക് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.

വേഗത്തേക്കാളുപരി സ്വിംഗ് കൊണ്ടായിരുന്നു ബാലാജി പലപ്പോഴും ബാറ്റ്‌സ്മാന്‍മാരെ കുഴക്കിയിരുന്നത്. 2005ല്‍ പാക്കിസ്ഥാനെതിരെ തന്നെ ആയിരുന്നു ബാലാജിയുടെ അവസാന ടെസ്റ്റും. ഫോമില്ലായ്മയും ഇടയ്ക്കിടെ എത്തിയ പരിക്കാണ് ബാലാജിയെ ഇന്ത്യന്‍ ടീമില്‍ നിന്ന് പലപ്പോഴും അകറ്റിനിത്തിയത്. എട്ടു ടെസ്റ്റുകളിൽ നിന്ന് 27 വിക്കറ്റുകളും 30 ഏകദിനങ്ങളിൽ നിന്ന് 34 വിക്കറ്റുകളും അഞ്ച് ട്വന്റി 20യിൽ നിന്ന് 10 വിക്കറ്റുകളുമാണ് ബാലാജിയുടെ സമ്പാദ്യം.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 106 മത്സരങ്ങളില്‍ 330 വിക്കറ്റുകളും ബാലാജിയുടെ പേരിലുണ്ട്. 2011-2012 രഞ്ജി സീസണില്‍ തമിഴ്‌നാടിന്റെ ക്യാപ്റ്റനായ ബാലാജി ടീമിനെ ഫൈനലിലെത്തിച്ചു. ഐപിഎല്ലില്‍ ചെന്നൈ, കൊല്‍ക്കത്ത പഞ്ചാബ് ടീമുകള്‍ക്കായി 104 മത്സരങ്ങളില്‍ കളിച്ച ബാലാജി നിലവില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ താരമാണ്.

 

click me!