ഇന്ത്യയെ പിന്തള്ളി ദക്ഷിണാഫ്രിക്കയ്ക്ക് ഏകദിന റെക്കോര്‍ഡ്

By Web DeskFirst Published Oct 6, 2016, 11:34 AM IST
Highlights

ജൊഹ്നാസ്ബര്‍ഗ്: ഏകദിനചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍ പിന്തുടര്‍ന്ന് ജയിച്ചതിന്റെ റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കയ്ക്ക്. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിലാണ് ദക്ഷിണാഫ്രിക്ക റെക്കോര്‍ഡിട്ടത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 372 റണ്‍സിന്റെ വിജയലക്ഷ്യം നാലു പന്തും നാലു വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. സ്കോര്‍ ഓസ്ട്രേലിയ 50 ഓവറില്‍ 371/6, ദക്ഷിണാഫ്രിക്ക 49.2 ഓവറില്‍ 372/6. ഓസ്ട്രേലിയക്കെതിരെ ഇന്ത്യ പിന്തുടര്‍ന്ന് ജയിച്ച 362 റണ്‍സിന്റെ റെക്കോര്‍ഡാണ് ദക്ഷിണാഫ്രിക്ക മറികടന്നത്.

ആദ്യം ബാറ്റ് ചെയ്ത ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെയും(108) ഡേവിഡ് വാര്‍ണറുടെയും(118) സെഞ്ചുറികളുടെ കരുത്തിലാണ് കൂറ്റന്‍ സ്കോര്‍ കുറിച്ചത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ഡേവിഡ് മില്ലര്‍ സെഞ്ചുറി നേടിയപ്പോള്‍(118 നോട്ടൗട്ട്), ഡീ കോക്ക് 70 റണ്‍സെടുത്തു. പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ മില്ലറും പെഹുല്‍ക്വായോയും(42 നോട്ടൗട്ട്) കൂട്ടിച്ചേര്‍ത്ത 107 റണ്‍സാണ് കളിയില്‍ നിര്‍ണായകമായത്.

ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന സ്കോര്‍ പിന്തുടര്‍ന്ന് ജയിച്ചതിന്റെ റെക്കോര്‍ഡും ദക്ഷിണാഫ്രിക്കയുടെ പേരിലാണ്. ഓസ്ട്രേലിയയ്ക്കെതിരെ തന്നെയായിരുന്നു ഇതും. 2006ല്‍ ജൊഹ്നാസ്ബര്‍ഗില്‍ ഓസീസ് ഉയര്‍ത്തിയ 437 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചായിരുന്നു ദക്ഷിണാഫ്രിക്ക ചരിത്രം സൃഷ്ടിച്ചത്. ഇപ്പോഴിതാ അതേ എതിരാളികള്‍ക്കെതിരെ രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍ പിന്തുടര്‍ന്ന് ജയിച്ചതിന്റെ റെക്കോര്‍ഡും ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.

click me!