Latest Videos

പരിക്ക്: മടങ്ങിവരവിന് കാത്തിരിക്കുന്ന സ്റ്റീവ് സ്‌മിത്തിന് തിരിച്ചടി

By Web TeamFirst Published Sep 4, 2018, 5:53 AM IST
Highlights

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാര്‍ബഡോസിനായി മികച്ച പ്രകടനം പുറത്തെടുക്കുന്നതിനിടെ പരിക്കേറ്റ് സ്‌മിത്ത് പുറത്തായി 

ബാര്‍ബഡോസ്: പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്‌മിത്തിന് മറ്റൊരു തിരിച്ചടി. അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരവിനുള്ള തയ്യാറെടുപ്പുകള്‍ക്കായി ടി20 ലീഗുകളില്‍ കളിക്കുന്ന മുന്‍ ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റ്സ്മാന് പരിക്കാണ് പുതിയ ഭീഷണി‍. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാര്‍ബഡോസിനായി മികച്ച പ്രകടനം പുറത്തെടുക്കുന്നതിനിടെ പരിക്കേറ്റ് സ്‌മിത്ത് ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായി.  

ചികിത്സയ്ക്കായി താരം ഓസ്‌ട്രേലിയയിലേക്ക് മടങ്ങുമെന്ന് ബാര്‍ബഡോസ് നായകന്‍ ജാസണ്‍ ഹോള്‍ഡര്‍ അറിയിച്ചിട്ടുണ്ട്. ബാര്‍ബഡോസിനായി സീസണില്‍ സ്‌മിത്ത് ഏഴ് മത്സരങ്ങളില്‍ 185 റണ്‍സ് നേടിയിരുന്നു. ജമൈക്ക തലവാസിനെതിരായ മത്സരത്തില്‍ 63 റണ്‍സ് നേടി വിജയശില്‍പിയായതാണ് ശ്രദ്ധേയമായ പ്രകടനം. കരിയറില്‍ വീണ്ടും ബൗളറുടെ റോളിലും കരീബിയന്‍ പ്രീമിയര്‍ ലീഗിനിടെ താരം തിളങ്ങി. സ്‌മിത്തിന് പരിക്ക് ഭേദമായി ക്രിക്കറ്റിലേക്ക് എപ്പോള്‍ തിരിച്ചെത്താനാകും എന്ന് ഇപ്പോള്‍ വ്യക്തമല്ല. 

കഴിഞ്ഞ മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിനിടെയാണ് ഓസീസ് ക്രിക്കറ്റിനെ പിടിച്ചുലച്ച പന്ത് ചുരുണ്ടല്‍ വിവാദം കത്തിപ്പടര്‍ന്നത്. തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്‌മിത്തിനെയും വാര്‍ണറെയും ബന്‍ക്രോഫ്റ്റിനെയും മത്സരങ്ങളില്‍ നിന്ന് വിലക്കുകയായിരുന്നു. വിലക്ക് നേരിടുന്ന സ്മിത്തിനെ മറികടന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ടെസ്റ്റ് റാങ്കിംഗില്‍ ബാറ്റ്സ്‌മാന്‍മാരില്‍ ഇപ്പോള്‍ ഒന്നാമത്. 

click me!