ദേശീയ ടീമനിനോടല്ല യുവതാരങ്ങള്‍ക്ക് പണത്തോടാണ് ആര്‍ത്തിയെന്ന് സ്റ്റീവ് വോ

By Asianet NewsFirst Published Apr 18, 2016, 10:52 PM IST
Highlights

ബെര്‍ലിന്‍: ട്വന്റി-20 ലീഗുകളുടെ ആവിര്‍ഭാവത്തോടെ ഇന്നത്തെ യുവ ക്രിക്കറ്റര്‍മാര്‍ക്ക് ദേശീയ ടീമിനുവേണ്ടി കളിക്കുന്നതിനേക്കാള്‍ ആര്‍ത്തി പണത്തോടാണെന്ന് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് വോ. ടി20 ലീഗുകള്‍ ദേശീയ ടീമിനോടുള്ള പലയുവതാരങ്ങളുടെയും പ്രതിബദ്ധത കുറച്ചിട്ടുണ്ടെന്നും ബെര്‍ലിനില്‍ ലോറസ് സ്പോര്‍ട്സ് പുരസ്കാരദാനച്ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് വോ വ്യക്തമാക്കി.

ബ്രണ്ടന്‍ മക്കല്ലത്തെപ്പോലൊരു കളിക്കാരന്‍ ടെസ്റ്റില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് ഇതിന് ഉദാഹരണമാണ്. 34കാരനായ മക്കല്ലം കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് എന്ന് പറയുന്നുവെങ്കിലും അദ്ദേഹത്തിന് ഇനിയും മൂന്നോ നാലോ വര്‍ഷം കൂടി ടെസ്റ്റ് ക്രിക്കറ്റില്‍ തുടരാനാവുമെന്നാണ് എന്റെ ഉറച്ചവിശ്വാസം. അതുകൊണ്ടാണ് കളിക്കാര്‍ക്ക് ദേശീയ ടീമിനോടല്ല പണത്തോടാണ് പ്രതിബദ്ധത എന്ന് പറയേണ്ടിവരുന്നത്. ഇതിന് കളിക്കാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വെസ്റ്റിന്‍ഡീസ് ടീമാണ് ഇതിന് മറ്റൊരു നല്ല ഉദാഹരണം. ട്വന്റി-20 ക്രിക്കറ്റിലൂടെ ഒരുപാട് പണം സമ്പാദിക്കുന്ന അവരുടെ താരങ്ങള്‍ പക്ഷെ ടെസ്റ്റിനോട് വേണ്ടത്ര ശ്രദ്ധകൊടുക്കുന്നില്ലെന്നും വോ പറഞ്ഞു.

ഇക്കാര്യത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയയെ അഭിനന്ദിച്ചേ മതിയാകൂ. കാരണം അവര്‍ എല്ലാറ്റിനുമപരി ടെസ്റ്റ് ക്രിക്കറ്റിനാണ് കൂടുതല്‍ ശ്രദ്ധ കൊടുകുന്നത്. അതുകൊണ്ടുതന്നെയാണ് ട്വന്റി-20 ക്രിക്കറ്റില്‍ അവര്‍ വേണ്ടത്ര വിജയിക്കാത്തതും. ട്വന്റി-20 ലോകകപ്പില്‍ സ്റ്റീവന്‍ സ്മിത്തിന്റെ നേതൃത്വത്തിലറങ്ങിയ ഓസീസിന് ലഭിച്ചത് അര്‍ഹിച്ച തോല്‍വിയാണെന്നും വോ പറ‌ഞ്ഞു.

ട്വന്റി-20 ക്രിക്കറ്റ് വന്നതോടെ പലടീമുകളും ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകള്‍ക്കും ഒരുപോലെ പ്രാധാന്യം കൊടുക്കാന്‍ പല ടീമുകളും ബുദ്ധിമുട്ടുകയാണെന്നും വോ പറഞ്ഞു. എന്നാല്‍ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ ഈ സന്തുലനം പാലിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും വോ അഭിപ്രായപ്പെട്ടു. വോയുടെ അഭിപ്രായങ്ങളോട് യോജിക്കുന്നുവെന്ന് മുന്‍ ഇംഗ്ലീഷ് നായകന്‍ ഇയാന്‍ ബോതവും വ്യക്തമാക്കി. ട്വന്റി-20 ക്രിക്കറ്റ് ഷെല്‍ഫിന്റെ അടിയിലാണ് വെയ്ക്കേണ്ടതെന്നും ടെസ്റ്റ് ക്രിക്കറ്റിന് തന്നെയായിരിക്കണം മുകളില്‍ സ്ഥാനമെന്നും ബോതം പറഞ്ഞു.

click me!