
ലോര്‍ഡ്സ്: ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ കെട്ടുക്കെട്ടിച്ചതിന്‍റെ ആത്മവിശ്വാസത്തില്‍ ക്രിക്കറ്റിന്‍റെ മെക്കയില്‍ രണ്ടാം പോരാട്ടത്തിന് ഒരുങ്ങുന്ന ഇംഗ്ലീഷ് ടീമിന് തിരിച്ചടി. ഒന്നാം ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന് ലോര്‍ഡ്സില്‍ കളിക്കാനാകില്ല. രണ്ടാം ടെസ്റ്റിന്‍റെ സമയത്ത് ക്രിമിനൽ കേസിലെ വിചാരണ നേരിടുന്നതിനാല്‍ സ്റ്റോക്സിനെ 13 അംഗ ടീമില്‍ നിന്ന് ഒഴിവാക്കി.
സ്റ്റോക്സിനെ പകരം ക്രിസ് വോക്സിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ വെസ്റ്റ് ഇൻഡീസിനെതിരായ മൽസരവിജയം ആഘോഷിക്കുന്നതിനിടെ ബാറിൽ മദ്യപിച്ച ശേഷം കലഹമുണ്ടാക്കിയതാണ് സ്റ്റോക്സിനെതിരെയുള്ള കേസ്. ഇതിലെ വിചാരണയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളാണ് താരത്തിന് തിരിച്ചടിയായത്.
സ്റ്റോക്സിനെ കൂടാതെ ഡേവിഡ് മാലനെയും ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാലന് പകരം ഒലീ പോപ്പിനെയും 13 അംഗ ടീമിൽ ഉൾപ്പെടുത്തി. ലോർഡ്സിൽ വ്യാഴാഴ്ചയാണ് ടെസ്റ്റിന് തുടക്കമാവുക. ഒന്നാം ടെസ്റ്റിലെ മോശം പ്രകടനത്തെ തുടർന്നാണ് മാലനെ ഒഴിവാക്കിയത്.
രണ്ട് ഇന്നിംഗ്സിലുമായി മാലൻ 28 റൺസാണ് നേടിയത്. രണ്ട് തവണ വിരാട് കോലിയുടെ ക്യാച്ച് പാഴാക്കുകയും ചെയ്തു. ഇരുപതുകാരനായ പോപ് ഈ സീസണിലെ ആഭ്യന്തര ക്രിക്കറ്റിൽ മൂന്ന് സെഞ്ച്വറികളോടെ 684 റൺസ് നേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!