ഇയാളില്ലാതെ നമുക്കെന്ത് ലോകകപ്പ് ടീം; കാരണം സഹിതം യുവതാരത്തിനായി വാദിച്ച് ഗവാസ്‌കര്‍

By Web TeamFirst Published Feb 2, 2019, 7:38 PM IST
Highlights

ലോകകപ്പ് ടീമില്‍ ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തണമെന്ന് വാദിച്ച് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. ഇതിനുള്ള കാരണവും മുന്‍ ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കുന്നു.
 

മുംബൈ: ഇംഗ്ലണ്ടില്‍ മെയ് അവസാനം ഏകദിന ലോകകപ്പ് തുടങ്ങാനിരിക്കേ ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍മാര്‍ ആരൊക്കെ സ്ഥാനംപിടിക്കും എന്ന ചര്‍ച്ച മുറുകുകയാണ്. വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനും മുന്‍ നായകനുമായ എം എസ് ധോണി ടീമില്‍ ഏറെക്കുറെ സ്ഥാനമുറപ്പിച്ചു എന്നിരിക്കേ ഋഷഭ് പന്തും ദിനേശ് കാര്‍ത്തിക്കും തമ്മിലാണ് അടുത്ത സ്ഥാനത്തിനായി പോരാട്ടം. ഇവരില്‍ ന്യൂസീലന്‍ഡില്‍ ഇന്ത്യന്‍ ടീമിനൊപ്പമില്ലാത്ത പന്തിനെ സ്‌പെഷലിസ്റ്റ് ബാറ്റ്സ്‌മാനായി പരിഗണിക്കുമോ എന്ന് കണ്ടറിയണം. 

ലോകകപ്പ് ഒരുക്കങ്ങള്‍ തകൃതിയായി നടക്കുമ്പോള്‍ ഋഷഭ് പന്തിനായി വാദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. പരിമിത ഓവര്‍ ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന ഇടംകൈയന്‍ മധ്യനിര ബാറ്റ്സ്‌മാനാണ് പന്ത്. മുന്‍നിരയില്‍ ശിഖര്‍ ധവാന്‍ മാത്രമാണ് ഇടംകൈയന്‍ ബാറ്റ്സ്‌മാനായി ടീമിലുള്ളത്. ബാറ്റിംഗ് ഓഡറില്‍ നാല്, അഞ്ച്, സ്ഥാനങ്ങളില്‍ ഇടംകൈയന്‍ ബാറ്റ്സ്‌മാനുണ്ടെങ്കില്‍ അത് സഹായകമാകും. എതിര്‍ ടീമുകളില്‍ ധാരാളം ഇടംകൈയന്‍ ബൗളര്‍മാരുണ്ട്. അതുകൊണ്ട് ടീമില്‍ രണ്ട് ഇടംകൈയന്‍ ബാറ്റ്സ്‌മാന്‍മാരെങ്കിലും വേണം. 

അതിനാല്‍ ഋഷഭ് പന്തിനെ ഏകദിന ടീമിലേക്കും സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കണം എന്നാണ് തന്‍റെ നിര്‍ദേശമെന്ന് ഇതിഹാസ താരം ഇന്ത്യ ടുഡേയോട് പറഞ്ഞു. ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിന്‍റെ ദയനീയ തോല്‍വി വഴങ്ങിയതോടെ ലോകകപ്പിന് മുന്‍പ് ഇന്ത്യന്‍ മധ്യനിരയുടെ കരുത്ത് ചോദ്യം ചെയ്യപ്പെടുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 92 റണ്‍സില്‍ പുറത്തായപ്പോള്‍  അമ്പാട്ടി റായുഡു(0), ദിനേശ് കാര്‍ത്തിക്(0), കേദാര്‍ ജാദവ്(1), ഹര്‍ദിക് പാണ്ഡ്യ(16) എന്നിങ്ങനെയായിരുന്നു മധ്യനിരയുടെ സ്‌കോര്‍. 

click me!