ഒളിംപിക്‌സ് യോഗ്യതയ്‌ക്കായുള്ള സുശീലിന്‍റെ നീക്കത്തിന് തിരിച്ചടി

By Web DeskFirst Published May 16, 2016, 5:28 PM IST
Highlights

റിയോ ഒളിംപിക്‌സിന് യോഗ്യത നേടാന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരം സുശീല്‍ കുമാര്‍ ദില്ലി ഹൈക്കോടതിയില്‍ എത്തിയത്.  ട്രയല്‍സ് നടത്തണമെന്ന ആവശ്യം റസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നിരസിച്ചതോടെയാണ് സുശീല്‍ കുമാര്‍ കോടതിയെ സമീപിച്ചത്. പരിക്ക് മൂലം കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന ട്രയല്‍സില്‍ സുശീലിന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇതോടെ 74 കിലോ വിഭാഗത്തില്‍ നരസിംഗ് യാദവിനാണ് യോഗ്യത കിട്ടിയത്. നരസിംഗ് യാദവുമായി യോഗ്യതാ മത്സരത്തിന് തയ്യാറാണെന്നും സുശീല്‍ കുമാര്‍  കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍  റിയോ ഒളിന്പിക്സ് ഗുസ്തി മത്സരത്തിൽ ആരു പങ്കെടുക്കണമെന്ന തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് ദില്ലി ഹൈക്കോടതി പറഞ്ഞു. താരത്തെ തെരഞ്ഞെടുക്കുന്നതിന് ട്രയൽസ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഒളിമ്പ്യന്‍ സുശീൽ കുമാ‍ർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിലപാട് അറിയിച്ചത്. 

സുശീൽ കുമാർ റെസ്‍ലിംഗ് ഫെഡറേഷനുമായി ചർച്ച നടത്തി തർക്കം പരിഹരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേ സമയം സുശീലിന്റെ കഴിവിനെ ബഹുമാനിക്കണമെന്നും അദ്ദേഹത്തെ നാളെ തുടങ്ങുന്ന ദേശീയ ക്യാമ്പില്‍ പങ്കെടുപ്പിക്കുന്നതിന് പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു. 

click me!