
ചെന്നൈ: കേരളത്തിനെതിരായ രഞ്ജി ട്രോഫിയില്‍ തമിഴ്‌നാട് കൂറ്റന്‍ ലീഡിലേക്ക്. കേരളത്തെ 152 പുറത്താക്കി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച തമിഴ്‌നാട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെടുത്തിട്ടുണ്ട്. ഒരു ദിവസവും ഒരു സെഷനും ശേഷിക്കെ അവര്‍ക്ക് ഇപ്പോള്‍ തന്നെ 223 റണ്‍സിന്റെ ലീഡായി. ക്യാപ്റ്റന്‍ ബാബ ഇന്ദ്രജിത്ത് (17), കൗഷിക് (49) എന്നിവരാണ് ക്രീസില്‍. ബാബ അപരാജിത് (4), അഭിനവ് മുകുന്ദ് (33) എന്നിവരുടെ വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്.
ദിനേഷ് കാര്‍ത്തിക്, എം. മുഹമ്മദ്, ഷാരുഖ് ഖാന്‍ തുടങ്ങിയവര്‍ ഇറങ്ങാനിരിക്കെ തമിഴ്‌നാടിന്റെ ലീഡ് ഇനിയും വര്‍ധിക്കുമെന്നതില്‍ സംശയമൊന്നുമില്ല. അങ്ങനെയെങ്കില്‍ അവരെ മറികടക്കുക ഒരിക്കലും എളുപ്പമാവില്ല. രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ കേരളം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെന്ന നിലയിലായിരുന്നു. മൂന്നാം ദിനം ഒരു റണ്‍കൂടിയാണ് കേരളത്തിന് കൂട്ടിച്ചേര്‍ക്കാനായത്. 29 റണ്‍സെടുത്ത സിജോമോന്‍ ജോസഫാണ് പുറത്തായത്. ഒന്നാം ഇന്നിങ്‌സില്‍ തമിഴ്‌നാട് 268 റണ്‍സാണ് നേടിയത്.
രണ്ടാം ദിനം 249/6 എന്ന സ്‌കോറില്‍ ബാറ്റിംഗ് പുനരാരംഭിച്ച തമിഴ്‌നാടിനെ 268 റണ്‍സില്‍ ഒതുക്കിയതിന്റെ ആവേശത്തില്‍ ക്രീസിലിറങ്ങിയ കേരളത്തിന് തുടക്കം മുതല്‍ പിഴച്ചു. കേരളത്തിന്റെ ബാറ്റിംഗ് പ്രതീക്ഷയായിരുന്ന ജലജ് സക്‌സേനയെ(4) ടി നടരാജന്‍ ബൗള്‍ഡാക്കി. അരുണ്‍ കാര്‍ത്തിക്കും രാഹുലും ചേര്‍ന്ന് കേരളത്തെ കരകയറ്റുമെന്ന് കരുതിയെങ്കിലും അരുണ്‍ കാര്‍ത്തിക്കിനെ(22) മടക്കി രാഹില്‍ ഷാ കേരളത്തിന് അടുത്ത തിരിച്ചടി നല്‍കി. ഒമ്പത് റണ്‍സ് മാത്രമെടുത്ത് സഞ്ജു വീണ്ടും നിരാശപ്പെടുത്തി മടങ്ങി.
പിന്നാലെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി(1), വി എ ജഗദീഷ്(8), വിഷ്ണു വിനോദ്(0), അക്ഷയ് ചന്ദ്രന്‍(14) എന്നിവര്‍കൂടി മടങ്ങിയതോടെ കേരളം വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. 59 റണ്‍സെടുത്ത പി. രാഹുലിനെ സായ് കിഷോര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഭേദപ്പെട്ട സ്‌കോറെന്ന കേരളത്തിന്റെ ലക്ഷ്യവും അകലെയായി. തമിഴ്നാടിന് വേണ്ടി ടി. നടരാജനും റാഹില്‍ ഷായും മൂന്ന് വിതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സായ് കിഷോര്‍ രണ്ട് വിക്കറ്റ് നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!