
സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ തനിക്ക് പറ്റിയ തെറ്റുകള്‍ തുറന്നു പറഞ്ഞും എല്ലാവരോടും മാപ്പിരന്നും ഓസ്‌ട്രേലിയന്‍ മുന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍.കായികലോകത്ത് വന്‍വിവാദങ്ങള്‍ക്ക് വഴിവച്ച സംഭവത്തിന് ശേഷം ഇതാദ്യമായി മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിയ ഡേവിഡ് വാര്‍ണര്‍ പക്ഷേ പന്ത് ചുരണ്ടല്‍ സംഭവത്തില്‍ തന്റെ പങ്കെന്താണെന്ന് വ്യക്തമാക്കിയില്ല.
രാജ്യത്തിന്റെ അന്തസ്സിന് വരുത്തിവച്ച നാശത്തിന്റെ പേരില്‍ ക്രിക്കറ്റ് ആരാധകരും അല്ലാത്തവരുമായ എല്ലാ ആസ്‌ട്രേലിയക്കാരോടുമായി, ഞാന്‍ മാപ്പു ചോദിക്കുന്നു. ക്രിക്കറ്റ് കളിച്ച് ഓസ്‌ട്രേലിയക്ക് അഭിമാനമേറ്റണം എന്നു മാത്രമേ ഞാനെന്നും ചിന്തിച്ചിരുന്നുള്ളൂ. പക്ഷേ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ഞാന്‍ പരാജയപ്പെട്ടിരിക്കുന്നു.... കണ്ണീരൊഴുകി തന്റെ പ്രസ്താവന വായിച്ചു കൊണ്ട് ഡേവിഡ് വാര്‍ണര്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തിയ ദിവസം തന്നെ സ്റ്റീവന്‍ സ്മിത്തും ബന്‍ക്രോഫ്റ്റും മാധ്യമങ്ങളെ കണ്ടെങ്കില്‍ നാട്ടില്‍ തിരിച്ചെത്തി രണ്ട് ദിവസം കഴിഞ്ഞാണ് ഡേവിഡ് വാര്‍ണര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.
വാര്‍ണര്‍ പ്രസ്താവന വായിച്ചതിന് ശേഷമുള്ള ചോദ്യോത്തരവേളയില്‍ം പന്തില്‍ കൃതിമം കാണിക്കാനുള്ള പദ്ധതി തയ്യാറാക്കിയത് താങ്കളായിരുന്നുവോ എന്ന ചോദ്യം മാധ്യമങ്ങള്‍ ചോദിച്ചതോടെ വാര്‍ണര്‍ പത്രസമ്മേളനം നിര്‍ത്തി എഴുന്നേറ്റു പോകുകയും ചെയ്തു.
ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിനിടെ എതിര്‍ടീം താരം ഡീകോക്കുമായി ഗ്രൗണ്ടിലും ഡ്രൈസ്സിംഗ് റൂമിലും വച്ച് ഏറ്റുമുട്ടിയും ആക്ഷേപം ചൊരിഞ്ഞും വിവാദമുണ്ടാക്കിയ വാര്‍ണര്‍ അതിന്റെ ചൂടാറും മുന്‍പാണ് പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ചെന്നു ചാടിയത്. ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനാകെ നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ ഒരു വര്‍ഷത്തെ വിലക്കാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വാര്‍ണര്‍ക്ക് വിധിച്ചത്. വാര്‍ണറെ കൂടാതെ മുന്‍ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത്, ബൗളര്‍ കാമറൂണ്‍ ബന്‍ക്രോഫ്റ്റ് എന്നിവരേയും ക്രിക്കറ്റ് ഓസ്‌ട്രേലിയ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ശിക്ഷിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!