ടൈസന്‍ ഗേയുടെ മകള്‍ വെടിയേറ്റ് മരിച്ചു

By Web DeskFirst Published Oct 17, 2016, 4:03 AM IST
Highlights

കെന്റക്കിയിലെ ലെക്‌സിംഗ്‌ടണിലുള്ള ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ട്രിനിറ്റി ഗേയ്‌ക്ക് വെടിയേറ്റത്. കഴുത്തിനാണ് വെടിയേറ്റത്. വെടിയേറ്റ ട്രിനിറ്റിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രണ്ടു വാഹനങ്ങളിലായി എത്തിയ സംഘങ്ങള്‍ പരസ്‌പരം വെടിയുതിര്‍ക്കുന്നതിനിടെയായിരുന്നു സംഭവം. റെസ്റ്റോറന്റിന് പുറത്ത് വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെയ്‌പ്പിലേക്ക് നയിച്ചത്. വെടിവെയ്‌പ്പില്‍ ഇരുസംഘത്തിലുംപെട്ടവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവെയ്‌പ്പിന് ശേഷം ഒരു സംഘം അവിടെനിന്ന് കടന്നുകളഞ്ഞു. അവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. മകളുടെ മരണം ടൈസന്‍ ഗേ സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവള്‍ക്ക് അതിജീവിക്കാനായില്ലെന്നും, താന്‍ ആകെ അസ്വസ്ഥനാണെന്നും ടൈസന്‍ ഗേ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

അമേരിക്കയിലെ അറിയപ്പെടുന്ന അത്‌ലറ്റായി വളര്‍ന്നുവരികയായിരുന്നു ട്രിനിറ്റി ഗേ. ലഫായറ്റെ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ട്രിനിറ്റി ഗേ, ഹ്രസ്വദൂര ഓട്ടങ്ങളിലൊക്കെ മികച്ച പ്രകടനം നടത്തിവരുകയായിരുന്നു. ഭാവിയില്‍ അമേരിക്കയെ പ്രതിനിധീകരിച്ച് ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ ട്രിനിറ്റിക്ക് സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പരിശീലകരും ടൈസന്‍ ഗേയുമൊക്കെ.

ലണ്ടന്‍ ഒളിംപിക്‌സില്‍ നൂറ് മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ അമേരിക്കന്‍ ടീമില്‍ അംഗമായിരുന്നു ടൈസന്‍ ഗേ. എന്നാല്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് ആ മെഡല്‍ അധികൃതര്‍ തിരിച്ചുവാങ്ങിയിരുന്നു.

click me!