ഇര്‍ഫാന്‍ പത്താനെക്കുറിച്ച് ഗവേഷണ പ്രബന്ധം

By Web DeskFirst Published Aug 9, 2017, 7:15 PM IST
Highlights

അഹമ്മദാബാദ്: ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍റെ ക്രിക്കറ്റ് ജീവിതത്തെക്കുറിച്ച് ഗവേഷണ പ്രബന്ധം. മുന്‍ വനിതാ ക്രിക്കറ്റ് താരമായ തന്‍വീര്‍ എം ഷെയ്ക്കാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. പത്താന്‍ സഹോദരങ്ങളുടെ ബാല്യകാല പരിശീലകനായ മെഹന്തി ഷെയ്ക്കിന്‍റെ മകളാണ് തന്‍വീര്‍ എം ഷെയ്ക്ക്. ഇതിലും വലിയ രക്ഷാബന്ധന്‍ സമ്മാനം ലഭിക്കാനില്ലെന്നാണ് ഇര്‍ഫാന്‍ പത്താന്‍റെ പ്രതികരണം. പരിമിത സാഹചര്യത്തില്‍ നിന്നു വളര്‍ന്നു വന്ന ഇര്‍ഫാന്‍ പത്താന്‍റെ ജീവിതം യുവതാരങ്ങള്‍ക്ക് പ്രചോദനമായിരുന്നു. 


 
അഹമ്മദാബാദ് എച്ച് എല്‍ കൊമേഴ്സ് കോളേജിലെ അസോസിയേറ്റ് പ്രഫസറായ ഡോ എന്‍ ജെ ചനിയറക്ക് കീഴിലാണ് ഗവേഷണം നടത്തിയത്. രജ്പിപ്ലയിലെ ശ്രീ ചോട്ടുഭായ് പുരാനി കോളേജില്‍ ഫിസിക്കല്‍ എഡുക്കേഷനില്‍ അസിസ്റ്റന്‍റ് പ്രഫസറാണ് തന്‍വീര്‍. അഞ്ച് വര്‍ഷത്തെ പരിശ്രമത്തിലൊടുവിലാണ് മൂന്ന് മക്കളുടെ അമ്മയായ തന്‍വീര്‍ ഗവേഷണം പൂര്‍ത്തിയാക്കിയത്. ആദ്യമായാണ് ഒരു  ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ ഗവേഷണം പൂര്‍ത്തിയാക്കുന്നത്.

അന്താരാഷ്ട്രതലത്തില് മികച്ച തുടക്കം ലഭിച്ചിട്ടും പത്താന് മികവ് തുടരാനാകാത്തതിന്‍റെ കാരണങ്ങളാണ് തന്‍വീര്‍ പഠനവിധേയമാക്കിയത്. ഇതിനായി ഇര്‍ഫാന്‍ പത്താന്‍റെ വ്യക്തി ജീവിതവും കരിയറുമാണ് തന്‍വീര്‍ എം ഷെയ്ക്ക് പഠിച്ചത്. ഇര്‍ഫാന്‍ പത്താനെ തുടര്‍ച്ചയായി പരുക്ക് വലച്ചിരുന്നതായും എല്ലാവരുടെയും നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്ന താരമെന്നുമാണ് തന്‍വീറിന്‍റെ കണ്ടെത്തല്‍. വിവിഎസ് ലക്ഷ്മണ്‍ ഉള്‍പ്പടെ ഇര്‍ഫാന്‍ പത്താന്‍റെ സുഹൃത്തുക്കളുടെ അഭിപ്രായങ്ങളും പ്രബന്ധത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

 
ഗുജറാത്തിനെയും എംഎസ് യൂണിവേഴ്സിറ്റിയുടെ മുന്‍ താരമായ തന്‍വീര്‍ എം ഷെയ്ക്ക് മികച്ച ഔള്‍റൌണ്ടറായിരുന്നു.  എംഎസ് യൂണിവേഴ്സിറ്റിയുടെയും ബറോഡയുടെയും മുന്‍ പരിശീലക കൂടിയാണ് തന്‍വീര്‍ എം ഷെയ്ക്ക്. തന്‍വീറിന് ക്രിക്കറ്റിനെക്കുറിച്ചുള്ള അറിവ് അപാരമാണെന്നാണ് ഇര്‍ഫാന്‍ പത്താന്‍റെ അഭിപ്രായം. പരിശീലകയാകാനും അംപയറാകാനുമുള്ള ബിസിസിഐ പരീക്ഷകള്‍ പാസായിട്ടുണ്ട് തന്‍വീര്‍
   

click me!