ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ വംശീയ അധിക്ഷേപം വെളിപ്പെടുത്തി താരം

By Web DeskFirst Published Oct 12, 2017, 4:41 PM IST
Highlights

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കുന്ന വെളിപ്പെടുത്തലുകളുമായി ഓസ്‌ട്രേലിയന്‍ താരം ഉസ്മാന്‍ ക്വാജ. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ വംശീയ വേര്‍തിരിവ് രൂക്ഷമാണെന്നും നിരവധി പേര്‍ ഇക്കാരണത്താല്‍ അവഗണിക്കപ്പെട്ടതായും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ ആദ്യ മുസ്ലിം കളിക്കാരന്‍ കൂടിയായ ക്വാജ പറയുന്നു.

പ്ലേയേര്‍സ് വോയിസ് എന്ന വെബ്‌സൈറ്റില്‍ എഴുതിയ ലേഖനത്തിലാണ് ഉസ്മാന്‍ ക്വാജ ഓസീസ് ക്രിക്കറ്റ് ടീമിനെ പിടിച്ചു കുലുക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. വിദേശ വംശജരായ ഓസ്‌ട്രേലിയന്‍ താരങ്ങളാണ് ഈ അവഗണനയ്ക്ക് ഇരയാകുന്നതെന്നും പാക് വംശജന്‍ കൂടിയായ ക്വാജ പറയുന്നു. ഓസ്‌ട്രേലിയയില്‍ വംശീയത കൃതമായും പ്രകടമാണെന്ന് പറയുന്ന താരം ഓസീസ് ക്രിക്കറ്റ് ടീമിലും പലപ്പോഴും വിവേചനം നിലനില്‍ക്കുന്നുവെന്ന് വെളിപ്പെടുത്തുന്നു.

തന്റെ സഹതാരങ്ങളില്‍ നിന്നും പോലും തനിക്ക് പലപ്പോഴും വംശീയമായ അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ടെന്നും ക്വാജ കൂട്ടിച്ചേര്‍ത്തു. അതെസമയം ക്വാജയെ തള്ളി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തി. ക്വാജയുടേത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും കഴമ്പില്ലെന്നും ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധി പറയുന്നു.

മുപ്പതുകാരനായ ഉസ്മാന്‍ പാക്കിസ്ഥാന്‍ വംശജനാണ്. 2011ല്‍ അരങ്ങേറ്റം കുറിച്ച ഉസ്മാന്‍ ഓസീസ് ടീമിനു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ 24 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.

click me!