വിജേന്ദർ സിംഗിന് കിരീടം, കെറി ഹോപ്പിനെ ഇടിച്ചിട്ടു

By Web DeskFirst Published Jul 16, 2016, 6:26 AM IST
Highlights

ഇന്ത്യന്‍ ബോക്സര്‍ വിജേന്ദര്‍ സിംഗിന്‌ ഏഷ്യ-പസഫിക്‌ സൂപ്പര്‍ മിഡില്‍വെയ്‌റ്റ്‌ കിരീടം. ഓസ്‌ട്രേലിയയുടെ കെറി ഹോപ്പിനെ ഇടിച്ചിട്ടാണ്‌ വിജേന്ദര്‍ കിരീടം ചൂടിയത്‌. ഇഞ്ചോടിഞ്ച്‌ ഇടിച്ചുനിന്ന ഹോപ്പിനെ 22 പോയിന്റുകള്‍ക്കാണ്‌ വിജേന്ദര്‍ മറിച്ചത്‌. ഹോപ്പ്‌ 274 പോയിന്റുകള്‍ നേടിയപ്പോള്‍ വിജേന്ദര്‍ 296 പോയിന്റുകള്‍ ഇടിച്ചെടുത്തു. മൂന്ന്‌ വിധികര്‍ത്താക്കളും വിജേന്ദറിന്‌ അനുകൂലമായാണ്‌ വിധിയെഴുതിയത്‌.

സ്‌കോര്‍: 98-92, 98-92, 100-90. 10 റൗണ്‌ടുകളായിരുന്നു മത്സരം. ഇന്ത്യയില്‍ നടന്ന ആദ്യ പ്രഫഷണല്‍ ബോക്‌സിംഗ്‌ മത്സരത്തില്‍ തന്നെ വിജേന്ദര്‍ തന്റെ കന്നി പ്രഫഷണല്‍ കിരീടം സ്വന്തമാക്കി.  പ്രൊഫഷണല്‍ ബോക്‌സിംഗില്‍ അരങ്ങേറ്റം നടത്തിയ ശേഷമുള്ള തുടര്‍ച്ചയായ ഏഴാം വിജയമാണ്‌ വിജേന്ദറിന്റേത്‌. പ്രൊഫഷണല്‍ രംഗത്ത്‌ 12 വര്‍ഷത്തെ പരിചയ സമ്പത്തുമായാണ്‌ ഹോപ്പ്‌ റിംഗിലെത്തിയത്‌.

എന്നാല്‍ ഇന്ത്യന്‍ ആരാധകരുടെ ആരവത്തില്‍നിന്നും ഊര്‍ജം ഉള്‍ക്കൊണ്‌ട വിജേന്ദര്‍ ഹോപ്പിന്റെ കിരീടമെന്ന ഹോപ്പ്‌ ഇടിച്ചുകലക്കി. വിജേന്ദറിന്റെ കഴിഞ്ഞ ആറു മത്സരങ്ങളും വിദേശത്തായിരുന്നപ്പോള്‍ ഇന്നത്തെ മത്സരം ഡല്‍ഹിയിലെ ത്യാഗരാജ്‌ സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സിലായിരുന്നു. കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ക്രിക്കറ്റ്‌ താരങ്ങളായ യുവരാജ്‌ സിംഗ്‌, വീരേന്ദര്‍ സേവാഗ്‌ തുടങ്ങി നിരവധി പ്രമുഖര്‍ മത്സരം വീക്ഷിക്കാന്‍ എത്തിയിരുന്നു

click me!