കോലിക്ക് കൗണ്ടി കളിക്കേണ്ട ആവശ്യമില്ല: തുറന്നടിച്ച് ഗവാസ്‌കര്‍

By Web TeamFirst Published Aug 4, 2018, 8:21 PM IST
Highlights

കോലിയുടെ കൗണ്ടി അരങ്ങേറ്റത്തെ പരിഹസിച്ച് സുനില്‍ ഗവാസ്‌കര്‍. കോലി അസാധാരണ പ്രതിഭയാണ്. അതിനാല്‍ കോലിക്ക് കൗണ്ടി കളിക്കേണ്ട ആവശ്യമില്ല. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിലെ സെഞ്ചുറിയോടെ കോലി ഇത് തെളിയിച്ചുവെന്ന് ഇതിഹാസ താരം.

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടില്‍ റണ്‍സ് കണ്ടെത്താന്‍ വിരാട് കോലിക്ക് കൗണ്ടി ക്രിക്കറ്റില്‍ കളിക്കേണ്ട ആവശ്യമില്ലെന്ന് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിലെ സെഞ്ചുറിയോടെ കോലി ഇത് തെളിയിച്ചതായി ഗവാസ്കര്‍ വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയിലെഴുതിയ പ്രത്യേക കോളത്തിലാണ് മുന്‍ ഇന്ത്യന്‍ നായകന്‍റെ വെളിപ്പെടുത്തല്‍. 

2014ലെ ഇംഗ്ലണ്ട് പര്യടനം കോലിക്കും സ്‌പിന്നര്‍ അശ്വിനും മറക്കാനാവാത്തതാണ്. എന്നാല്‍ ആദ്യ ടെസ്റ്റില്‍ തന്നെ ഇരുവരും മികവ് തെളിയിച്ചു. ഇംഗ്ലണ്ടില്‍ റണ്‍ദാഹം തീര്‍ക്കാന്‍ കൗണ്ടി ക്രിക്കറ്റ് കളിക്കുക എന്ന തമാശ കോലി കാട്ടി. കോലി അസാധാരണ പ്രതിഭയാണ്. അതിനാല്‍ കോലിക്ക് കൗണ്ടി കളിക്കേണ്ട ആവശ്യമില്ല. സഹതാരങ്ങളും കൂടുതല്‍ റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കണം. കോലിക്ക് എപ്പോഴും ടീമിനെ രക്ഷപെടുത്താനാവില്ലെന്നും ഗവാസ്‌കര്‍ കുറിച്ചു. 

എഡ്ജ്ബാസ്റ്റണില്‍ കിതച്ച ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെല്ലാം ചുവന്ന പന്തില്‍ കൂടുതല്‍ സമയം ചിലവഴിക്കണം. മികവ് കാട്ടാന്‍ പിച്ചിന്‍റെ ആനുകൂല്യം ആവശ്യമില്ലെന്ന് അശ്വിന്‍ തെളിയിച്ചതായും മുന്‍ താരം പറഞ്ഞു. മത്സരത്തില്‍ സെഞ്ചുറിയടക്കം കോലി 200 റണ്‍സ് നേടിയപ്പോള്‍ അശ്വിന്‍ ഏഴ് വിക്കറ്റ് വീഴ്‌ത്തി. 2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ അഞ്ച് ടെസ്റ്റുകളില്‍ നിന്ന് 134 റണ്‍സ് മാത്രമായിരുന്നു കോലിക്ക് നേടാനായത്.  

click me!