സ്മിത്തിനെ പിന്തള്ളി കോലിക്ക് മികച്ച താരത്തിനുള്ള ഐസിസി പുരസ്കാരം

By Web DeskFirst Published Jan 18, 2018, 11:36 AM IST
Highlights

ദുബായ്: ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍ പുരസ്കാരം ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക്. ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് എന്നിവരെ പിന്തള്ളിയാണ് കോലി പുരസ്കാരത്തിന് അര്‍ഹനായത്. സ്റ്റീവ് സ്മിത്താണ് 2017ലെ മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍. കോലിയെ 2017ലെ മികച്ച ഏകദിനതാരമായും മികച്ച ക്യാപ്റ്റനായും തെരഞ്ഞെടുത്തു. ഇന്ത്യയുടെ യുസ്‌വേന്ദ്ര ചാഹലിനെ ട്വന്റി-20യിലെ മികച്ച പ്രകടനത്തിനുള്ള പുരസ്കാരത്തിനായി തെരഞ്ഞെടുത്തു. 25 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത ചാഹലിന്റെ പ്രകടനമാണ് പുരസ്കാരത്തിന് അര്‍ഹമായത്.

ഇത് രണ്ടാം തവണയാണ് കോലി ഏകദിന ക്രിക്കറ്റിലെ മികച്ച താരമാവുന്നത്. 2012ലും കോലി മികച്ച ഏകദിനതാരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഒരു ഇന്ത്യന്‍ താരം ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം നേടുന്നത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ രവിചന്ദ്ര അശ്വിനായിരുന്നു ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍. കോലിക്ക് പുറമെ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട്, അഫ്ഗാന്‍ താരം റാഷിദ് ഖാന്‍, പാക്കിസ്ഥാന്‍ താരം ഹസന്‍ അലി എന്നിവരായിരുന്നു മികച്ച ഏകദിനതാരത്തിനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്നത്.

 

click me!