വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യന്‍ ടീമില്‍ അശ്വിന്‍റെ പിന്‍ഗാമി

By Web DeskFirst Published Dec 13, 2017, 11:54 AM IST
Highlights

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ആര്‍ അശ്വിന്‍റെ പിന്‍ഗാമിയാണ് ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍. കരിയറിലുടനീളം അശ്വിനെ പിന്തുടരുന്ന വാഷിംഗ്ടണ്‍ സുന്ദര്‍ ബാറ്റ്സ്മാനായി പേരെടുത്ത സ്‌പിന്നര്‍ കൂടിയാണ്. അശ്വിന് ശേഷം തമിഴ്നാട് ക്രിക്കറ്റില്‍ ഉയര്‍ന്നുകേട്ട വലിയ പേര് കുടിയാണ് സുന്ദറിന്‍റെത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഈ 18 വയസുകാരനെ ദേശീയ സെലക്ടര്‍മാരുടെ കണ്ണിലെത്തിച്ചത്. 

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ പുറത്തെടുത്ത മികച്ച പ്രകടനവും താരത്തിന് മേല്‍വിലാസം നേടിക്കൊടുക്കുന്നതില്‍ പങ്കുവഹിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 12 മത്സരങ്ങളില്‍ നിന്ന് 31.29 ശരാശരിയില്‍ 532 റണ്‍സും 30 വിക്കറ്റും സുന്ദര്‍ വീഴ്ത്തി. 2016 ഒക്ടോബറില്‍ മുംബൈക്കെതിരെ തമിഴ്‌നാടിനായി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച താരം ഒരു വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ജഴ്സിയണിഞ്ഞു. 

2016ല്‍ അണ്ടര്‍ 19 ലോകകപ്പ് ടീമിലെത്തിയ താരം അശ്വിന് പകരം 2017 ഐപിഎല്ലില്‍ പുനൈ സൂപ്പര്‍ജയന്‍റ്സ് ടീമിലെത്തി. വെറും 17 വയസ് പ്രായമുള്ളപ്പോളായിരുന്നു സുന്ദറിന്‍റെ ഐപിഎല്ലില്‍ അരങ്ങേറ്റം. മികച്ച ഇക്കോണമിയില്‍ പുനെക്കായി പന്തെറിഞ്ഞ സുന്ദര്‍ ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. 

അശ്വിന് ശേഷം സ്‌പിന്നറായും ടീമിന് ആശ്രയിക്കാവുന്ന ബാറ്റ്സ്മാനായും തന്നെയാണ് ഇന്ത്യന്‍ ടീമില്‍ വാഷിംഗ്ടണ്‍ സുന്ദറിന്‍റെ സ്ഥാനം. ഇന്ത്യന്‍ ജഴ്സിയണിയുന്ന പ്രായം കുറഞ്ഞ ഏഴാം താരമാണ് സുന്ദര്‍. 18 വയസും 69 ദിവസവും പ്രായമുള്ളപ്പോളാണ് സുന്ദര്‍ ഇന്ത്യക്കായി അരങ്ങേറിയത്. ഇക്കാര്യത്തില്‍ മുന്‍ഗാമിയായ അശ്വിനെ മറികടക്കാന്‍ താരത്തിനായി.

click me!