'ഗംഭീറിനെയും യുവരാജിനെയും തഴയുന്നതിന് ധോണിക്ക് പങ്കില്ല'

By Web DeskFirst Published Sep 22, 2016, 3:32 AM IST
Highlights

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും ഗൗതംഗംഭീറിനെയും യുവരാജ് സിംഗിനെയും ഒഴിവാക്കിയതില്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പങ്കില്ലെന്ന് മുന്‍ ദേശീയ മുഖ്യ സെലക്ടര്‍ സന്ദീപ് പാട്ടീല്‍. ഈ ധാരണ തെറ്റാണെന്ന് പാട്ടില്‍ വ്യക്തമാക്കി. ബുധനാഴ്ച ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പാട്ടീല്‍ ഇക്കാര്യം പറഞ്ഞത്. ധോണി ഒരിക്കലും ഇവരുടെ തെരഞ്ഞെടുപ്പിനെ എതിര്‍ത്തിരുന്നില്ല. ഗംഭീറിനെയും യുവിയെയും ഒഴിവാക്കാനുള്ള തീരുമാനങ്ങള്‍ സെലക്ടര്‍മാരുടേതാണെന്നും പറഞ്ഞു. 

ധോണി ഗംഭീറിനും യുവരാജിനും എതിരാണെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും നിരാശപ്പെടുത്തുന്നതാണ്. ഒരിക്കലൂം ധോണി ഇടപെടുകയോ ഇവരെ ഒഴിവാക്കാന്‍ പറയുകയോ ചെയ്തിട്ടില്ല. ഒരു കളിക്കാരനും എതിരേ ധോണി പ്രവര്‍ത്തിച്ചിട്ടില്ല. തന്റെ കാലത്ത് പലതവണ ധോണിയെ നായക സ്ഥാനത്തു നിന്നും മാറ്റാന്‍ ആലോചന നടത്തിയിരുന്നെന്നും അപ്രതീക്ഷിതമായി അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത് ഞെട്ടിപ്പിച്ചെന്നും പാട്ടീല്‍ പറഞ്ഞു. 

ധോണിയെ മാറ്റാന്‍ എടുത്ത അനേകം ആലോചനകളില്‍ ഒന്ന് ലോകകപ്പിന് തൊട്ടുമുമ്പായിരുന്നു. എന്നാല്‍ 2015 ലോകകപ്പ് പോലെയുള്ള ഒരു നിര്‍ണ്ണായക ഘട്ടത്തിലെ തീരുമാനം ശരിയല്ലെന്ന് വിവിധ കോണുകളില്‍ നിന്നും അഭിപ്രായം ഉയര്‍ന്നു. പുതിയ നായകന് കാര്യങ്ങള്‍ ശരിയായ ദിശയില്‍ എത്താന്‍ സമയം നല്‍കേണ്ടതുണ്ട്. ഇക്കാര്യം പരിഗണിച്ചാണ് ലോകകപ്പില്‍ ധോണിയെ തന്നെ നായകനായി നില നിര്‍ത്തിയത്.

മോശമായ ഒരു ടെസ്റ്റ് പരമ്പരയില്‍ തുടരുമ്പോള്‍ ധോണി ടെസ്റ്റില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചത് ഞെട്ടിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. കടുപ്പമേറിയ ഒരു പരമ്പരയായിരുന്നു അത്. ധോണി മുങ്ങുന്ന കപ്പലിലെ ക്യാപ്റ്റനായിരുന്നു. കാര്യങ്ങള്‍ ഞങ്ങള്‍ വിചാരിച്ച പോലെയായിരുന്നില്ല. അത്തരം ഒരു സാഹചര്യത്തില്‍ ഒരു സീനിയര്‍ കളിക്കാരന്‍ വിരമിക്കാന്‍ തീരുമാനം എടുത്താല്‍ എന്തുചെയ്യും. എന്നിരുന്നാലും അദ്ദേഹത്തിന്‍റെ തീരുമാനത്തെ അംഗീകരിച്ചെന്നും പറഞ്ഞു.

ധോണിയും വിരാട് കോഹ്‌ലിയും ഇന്ത്യയുടെ തെക്കും വടക്കും പോലെയാണ്. വിരാട് ക്ഷോഭിക്കുന്ന യൗവ്വനവും ധോണി ശാന്തനും എപ്പോഴും മനസ്സില്‍ സംസാരിക്കുകയും ചെയ്യുന്നയാളാണ്. വിരാട് കോഹ്‌ലിയെ ഇന്ത്യ നായകനാക്കിയത് ശരിയായ സമയത്താണെന്നും അദ്ദേഹത്തിന് ഇന്ത്യയെ ഭാവിയില്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്നും പറഞ്ഞു. എല്ലാ നായകന്മാരും സ്വന്തമായി ഒരു മികച്ച ടീമിനെ കെട്ടിപ്പടുക്കാനാണ് ഇഷ്ടപ്പെടുക. ഓരോ കളിക്കാരനേക്കുറിച്ചും ഇവര്‍ക്ക് നന്നായി അറിയുകയും ചെയ്യുമെന്ന് പാട്ടീല്‍ പറഞ്ഞു. 

click me!