
കാസർകോട്: ജില്ലയിലെ കായിലം കൊടെ വനമദ്ധ്യത്തിന് നടുവിലുള്ള കളിക്കളത്തില്‍ കളിക്കിടെ എഫ്.സി.കായിലംകോടിന്‍റെ സ്വന്തം ടീമിന് ആവേശം കുറഞ്ഞാല്‍ കാഴ്ചക്കാരില്‍ നിന്ന് പതുക്കെ മെസി... മെസി... എന്ന ആരവമുയരും. ആ ആവേശം പതുക്കെ കളിക്കളത്തിലേക്കും പകരും... കാഴ്ച്ചക്കാരന്‍റെ വിജയദേഹത്തെ കണ്ണുകൊണ്ടൊരാള്‍ അറിയും ആ തിരിച്ചറിവ് പിന്നെ എതിർ ടീമിന്‍റെ വലചലിപ്പിച്ചേ അടങ്ങൂ. അതേ അക്ഷരാർത്ഥത്തില്‍ എഫ്.സി.കായിലംകോടിന്‍റെ മെസി തന്നെയാണ് വെള്ളരിക്കുണ്ട് ആവുള്ളക്കോട് കായിലംകോട് ഗ്രാമത്തിലെ മനു എന്ന പത്തൊമ്പത്കാരന്‍.
ഫുട്‌ബോൾ ലഹരിയില്‍ നാടൊട്ടുക്ക് കൂറ്റൻ ഫ്ലക്സ് ബോർഡുകളും പതാകയും ഉയരുമ്പോള്‍, എഫ്.സി.കായിലംകോട് ടീം ഒന്നടങ്കം മറ്റൊരു ലക്ഷ്യത്തിനു പുറകേയാണ്. കാഴ്ചകൊണ്ട് മാത്രം കളിക്കളത്തിലെ നീക്കത്തെ അതിസൂക്ഷമായി അറിയുന്ന മനുവിന്‍റെ തുടർ പഠനത്തിനുള്ള പണം കണ്ടെത്തണം. മനു പ്ലസ് ടു വിജയിച്ചു. ഇനി ഡിഗ്രക്ക് ചേരണം. ആവുള്ളക്കോട് പട്ടികവർഗ്ഗ കോളനിയിലെ കൂലിപ്പണിക്കാരായ കാളിയാനത്ത് വീട്ടിൽ കരുണാകരനെയും താമ്പായിയുടെയും മൂന്ന് മക്കളിൽ ഇളയവനായ മനു ജന്മനാ അംഗപരിമിതനാണ്.
പഠിക്കാന്‍ മിടുക്കനായ മനു, ചായ്യോത്ത് ജ്യോതിഭവൻ ബധിര മൂക വിദ്യാലയത്തിൽ നിന്നും എസ്.എസ്.എൽ.സിക്ക് ഫസ്റ്റ്ക്‌ളാസ് മാർക്കോടെയാണ് വിജയിച്ചത്. തുടർന്ന് കാസർകോട് ചെർക്കള മാർത്തോമാ ബധിര വിദ്യാലയത്തിൽ നിന്നും പ്ലസ്ടു മികച്ച മാർക്കോടെ വിജയിച്ചു. തന്‍റെ പരിമിതികളും പണവും ഡിഗ്രി പഠനത്തിന് തടസമാകുമെന്നതിനാല്‍ മനു തുടർ പഠനം ഉപേക്ഷിക്കാന്‍ ആലോചിക്കുമ്പോഴാണ് ടീമംഗങ്ങള്‍ തങ്ങളുടെ മിടുക്കനായ സ്ട്രൈക്കറുടെ പഠനചിലവിനുള്ള പണം കണ്ടെത്താനായി കളത്തിലിറങ്ങുന്നത്.
ആവുള്ളക്കോഡ് പട്ടികവർഗ്ഗ കോളനിയിലെ മഴയത്ത് ചോർന്നൊലിക്കുന്ന വീട്ടിൽ നനയാതെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഒരു കെട്ട് സർട്ടിഫിക്കറ്റുകളുണ്ട്. ഫുട്ബോള്‍ കളിച്ചു കിട്ടിയ ട്രോഫികളും. ആറുമാസം മുമ്പ് കായിലം കോഡ് നടന്ന ജില്ലാതല ഫുട്‌ബോൾ മത്സരത്തിൽ മികച്ച കളിക്കാരനായിരുന്നു മനു. മെസ്സിയുടെ കടുത്ത ആരാധകനായ മനുവിന് ഇത്തവണ കപ്പ് അർജന്‍റീന കൊടുണ്ടുപോകുമെന്ന കാര്യത്തില്‍ തർക്കമെന്നുമില്ല.
മനുവിന്‍റെ അയൽവാസിയും അടുത്ത സുഹൃത്തുക്കളുമായ സോബിൻ മാത്യു, ഹരിദാസ്, വിജേഷ്, ചന്ദ്രദാസ് എന്നിവരാണ് തങ്ങളുടെ കൂട്ടുകാരന്‍റെ പഠനചിലവ് കണ്ടെത്താന്‍ നാട്ടുകാരുടെ സഹായം അഭ്യർത്ഥിക്കുന്നത്. ഹരിദാസ് കാസർകോട് ജില്ലാടീമിന്‍റെ ഗോൾ കീപ്പറാണ്. ഇത്തവണത്തെ ഫുട്ബോള്‍ ലോകക്കപ്പിന് നാടൊട്ടുക്കും ഫ്ളക്സ് ബോർഡുകളും ഇഷ്ടകളിക്കാരുടെ കട്ടൌട്ടുകളും നിരത്തിയപ്പോള്‍ അതിന് ചിലവാകുന്ന പണം മനുവിന്‍റെ പഠന ചിലവിനായി വകമാറ്റിക്കൊണ്ടാണ് സുഹൃത്തുക്കള്‍ പഠനച്ചിലവിലേക്കുള്ള ആദ്യ സംഭാവന കണ്ടെത്തിയത്.
തുടർ പഠനത്തിനുള്ള പണം കെ.മനു, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെള്ളരിക്കുണ്ട്, അക്കൌണ്ട് നമ്പർ 67343613476. എന്ന അക്കൌണ്ടില്‍ നിക്ഷേപിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!