Latest Videos

അതിവേഗ പിച്ചൊരുക്കി ഇന്ത്യയെ വീഴ്‌ത്താന്‍ വിന്‍ഡീസ്; വിജയ്‌ക്ക് പരിക്ക്

By Web DeskFirst Published Jul 29, 2016, 8:39 PM IST
Highlights

കിംഗ്സ്റ്റണ്‍: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ജമൈക്കയില്‍ തുടങ്ങും. ആദ്യ  ടെസ്റ്റിൽ ഇന്നിംഗ്സ് ജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. ആന്റിഗ്വയിലേതിനേക്കാള്‍, ഫാസ്റ്റ് ബൗളര്‍മാരെ സഹായിക്കുന്ന പിച്ച് ഒരുക്കി ഇന്ത്യയെ ഞെട്ടിക്കാനാണ് വിന്‍ഡീസ് ഒരുങ്ങുന്നതെന്നാണ് സൂചന.

ഈ സാഹചര്യത്തില്‍ ആദ്യ ടെസ്റ്റിൽ അഞ്ച് ബൗളര്‍മരെ ഉള്‍പ്പെടുത്തിയ ഇന്ത്യ, ഒരു ബാറ്റ്സ്മാനെ അധികമായി കളിപ്പിക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്.അതേസമയം, തള്ളവിരലിന് പരിക്കേറ്റ ഓപ്പണര്‍ മുരളി വിജയ് രണ്ടാം ടെസ്റ്റില്‍ നിന്ന് പിന്‍മാറിയത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. വിജയ്‌യുടെ അഭാവത്തില്‍ മികച്ച ഫോമിലുള്ള ലോകേഷ് രാഹുല്‍ ശീഖര്‍ ധവാനൊപ്പം ഓപ്പണറായി എത്തും.

ഒരു ബാറ്റ്സ്മാനെ കൂടി അധികം കളിപ്പിക്കുകയാമെങ്കില്‍ രോഹിത് ശര്‍മനയും ടീമിലെത്തും. അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തകര്‍ത്ത യുവ പേസര്‍ അല്‍സാരി ജോസഫിനെ വിന്‍ഡീസ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മത്സരം നടക്കുന്ന സബീനാ പാര്‍ക്കില്‍ 1998ന് ശേഷം ഒരു ടെസ്റ്റ് പോലും സമനിലയില്‍  അവസാനിച്ചിട്ടില്ല. ഇന്ത്യയും-വിന്‍ഡീസും ഇവിടെ കളിച്ച അവസാന മൂന്ന് ടെസ്റ്റില്‍ ഒരുതവണ മാത്രമാണ് ഏതെങ്കിലും ഒരു ടീമിന് 300ന് മുകളില്‍ സ്കോര്‍ ചെയ്യാനായത്. ഒറു ടെസ്റ്റ് മാത്രമെ അഞ്ചാം ദിവസത്തേക്ക് നീണ്ടിട്ടുള്ളു എന്നതും മറ്റൊരു പ്രത്യേകതയാണ്. 2006ലും 2011ലും ഇവിടെ കളിച്ചപ്പോള്‍ വിജയം നേടാനായി എന്നത് ഇന്ത്യയ്ക്ക് ആത്മവിശ്വാസം ഉയര്‍ത്തുന്ന ഘടകമാണ്.

 

click me!