2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ മുത്തമിട്ട 'കോലിപ്പട' ഇപ്പോള്‍ എവിടെയാണ് ?

By Web DeskFirst Published Aug 27, 2017, 9:53 PM IST
Highlights


2008ലാണ് വിരാട് കോലിയും സംഘവും മലേഷ്യയില്‍ അണ്ടര്‍19 ലോകകപ്പുയര്‍ത്തിയത്. 2000ല്‍ മുഹമ്മദ് കൈഫിന്‍റെ കുട്ടികള്‍ക്ക് ശേഷം ലഭിച്ച ആദ്യ ലോക കിരീടം. ഏറെ പ്രതീക്ഷയുയര്‍ത്തിയ കോലിയുടെ സംഘത്തില്‍ നിന്ന് ചിലര്‍ പിന്നീട് ഇന്ത്യന്‍ ടീമിലെത്തി. ടീമിലെ മറ്റു താരങ്ങള്‍ ഇപ്പോളെവിടെയാണ്.

1. വിരാട് കോലി


സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍റെ വരവറിയിച്ചത് അണ്ടര്‍19 ലോകകപ്പ്. ലോകകിരീടത്തിനു പിന്നാലെ ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ കൗമാര നായകന്‍ വിരാട് കോലി ഇന്ത്യന്‍ ടീമിലെത്തി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ക്രിക്കറ്റ് ലോകം കണ്ടത് വിരാട് കോലിയുടെ ക്ലാസിക് റണ്‍വേട്ട. എല്ലാ ഫോര്‍മാറ്റിലും കോലി വിശ്വസ്തനായ താരമായി പേരെടുത്തു. സ്ഥിരതയാര്‍ന്ന പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ധോണിക്കു പിന്നാലെ കോലി ടീമിന്‍റെ നായകനായി. മൂന്നാം നമ്പറില്‍ ഇന്ത്യയുടെ സ്ഥിരം ബാറ്റ്സ്മാനായ കോലിക്കു മുന്നില്‍ റെക്കോര്‍ഡുകള്‍ ഓരോന്നായി കടപുഴകി. നിലവിലെ പ്രകടനം അനുസരിച്ച് ബാറ്റിംഗിലെയും ക്യാപ്റ്റന്‍സിയിലെയും ഒട്ടുമിക്ക റെക്കോര്‍ഡുകളും കോലിക്ക് തകര്‍ക്കാനാകും.
 
2. രവീന്ദ്ര ജഡേജ


ഇന്ത്യന്‍ ടീമിലെത്തിയപ്പോള്‍ വികൃതി പയ്യനെന്ന് കാണികള്‍ വിലയിരുത്തിയ ജഡേജ ടീമിന്‍റെ ഉപനായകനായിരുന്നു എന്നത് അധികമാര്‍ക്കും അറിയില്ല. അണ്ടര്‍ 19 ലോകകപ്പില്‍ 10 വിക്കറ്റുകളാണ് ജഡേജ നേടിയത്. 2009ല്‍ സീനിയര്‍ ടീമില്‍ അരങ്ങേറിയ ജഡേജ ലോക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടറായി വളര്‍ന്നു. ടെസ്റ്റില്‍ ബോളര്‍മാരുടെയും ഓള്‍റൗണ്ടര്‍മാരുടെയും റാങ്കിങില്‍ ജഡേജ ഒന്നാമതെത്തി.
 
3. തന്‍മയ് ശ്രീവാസ്തവ


അണ്ടര്‍ 19 ലോകകപ്പില്‍ ആറ് മല്‍സരങ്ങളില്‍ നിന്ന് 52 ശരാശരിയില്‍ 262 റണ്‍സ് നേടി റണ്‍വേട്ടയില്‍ ഒന്നാമനായി‍. എന്നാല്‍ മികവ് കാട്ടിയിട്ടും സീനിയര്‍ ക്യാപ് അണിയാനുള്ള ഭാഗ്യം ഈ ഉത്തര്‍പ്രദേശ് താരത്തിനുണ്ടായില്ല. ഐപിഎല്ലില്‍ കൊച്ചിന്‍ ടസ്ക്കേഴ്സ് കേരളക്കായി കളിച്ചിട്ടുണ്ട് തന്‍മയ്. 81 ഫസ്റ്റ് ക്ലാസ് മല്‍സങ്ങളില്‍ നിന്ന് 4590 റണ്‍സ് നേടിയ താരം ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ്.

4.തരുവാര്‍ കോലി


ലോകകപ്പിലെ ഇന്ത്യന്‍ ഓപ്പണറായിരുന്ന തരുവാര്‍ നേടിയത് ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 218 റണ്‍സ് നേടി. തുടര്‍ച്ചയായ മൂന്ന് അര്‍ദ്ധ സെഞ്ചുറികള്‍ നേടി ശ്രദ്ധയാകര്‍ഷിച്ച തരുവാറിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആ പ്രകടനം നിലനിര്‍ത്താനായില്ല. സ്ഥിരതയില്ലാത്ത പ്രകടനത്തിന്‍റെ പേരില്‍ പഞ്ചാബ് ടീമില്‍ നിന്നും താരം പലകുറി പുറത്തായി.

5. അഭിനവ് മുകുന്ദ്


ലോകകപ്പില്‍ ഒരു മല്‍സരം പോലും കളിക്കാന്‍ കഴിയാതെ പുറത്തിരുന്ന അഭിനവ് മുകുന്ദ് ആഭ്യന്തര ക്രിക്കറ്റിലെ മികവിനാല്‍ ഏഴ് തവണ ടെസ്റ്റ് ടീമിലെത്തി. എന്നാല്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിയാത്തതിനാല്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ തമിഴ്നാട് ഓപ്പണര്‍ക്കായില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 8000ലേറെ റണ്‍സ് നേടിയിട്ടുണ്ട്.

6.ശ്രീവത്സ് ഗോസ്വാമി


ടീമിലെത്താന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍മാര്‍ വരിനില്‍ക്കുന്ന ഇന്ത്യന്‍ ടീമില്‍ ശ്രീവത്സിന് പ്രവേശനം എളുപ്പമായിരുന്നില്ല. എന്നാല്‍ ലോകകപ്പിലെ മികച്ച പ്രകടനം ശ്രീവത്സിന് ഐപിഎല്ലിലേക്ക് വഴിതുറന്നു. അരങ്ങേറ്റ ഐപിഎല്‍ എഡിഷനില്‍ മികച്ച അണ്ടര്‍ 23 താരമായിട്ടും നാല് ഐപിഎല്‍ എഡിഷനുകളോടെ അവസാനിച്ചു ഈ ബംഗാള്‍ താരത്തിന്‍റെ പ്രതാപം.

7. മനീഷ് പാണ്ഡെ


അണ്ടര്‍ 19 ലോകകപ്പ് സമ്മാനിച്ച മികച്ച താരങ്ങളില്‍ ഒരാള്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശോഭിച്ച ലോകകപ്പ് ടീമിലെ ചുരുക്കം താരങ്ങളിലൊരാള്‍. 2009ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ പാണ്ഡെ ഐപിഎല്ലില്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യക്കാരനാണ്. എന്നാല്‍ ആറു വര്‍ഷം കഴിഞ്ഞാണ് പാണ്ഡെയ്ക്ക് സീനിയര്‍ ടീമില്‍ കളിക്കാനായത്. എന്നാല്‍ വലിയ സ്കോര്‍ നേടാന്‍ കഴിവുള്ള പാണ്ഡെയ്ക്കു് 12 ഏകദിനങ്ങളിലും 8 ട്വന്റി-20യിലും മാത്രമെ ഇതുവരെ കളിക്കാനായുള്ളൂ. 

8. സൗരഭ് തിവാരി

മഹേന്ദ്ര സിംഗ് ധോണിയുടെ പിന്‍ഗാമി എന്ന വിശേഷണം ലഭിച്ച താരം. ജാര്‍ഖണ്ഡില്‍ നിന്നുള്ള മുടി നീട്ടിയ കൂറ്റനടിക്കാരന് ആ വിശേഷണം ചേരും. എന്നാല്‍ ഒരു പരമ്പരയില്‍ മാത്രം കളിക്കാനവസരം ലഭിച്ച തിവാരിക്ക് ചുരുക്കം ഐപിഎല്‍ ഇന്നിംഗ്സുകളില്‍ മാത്രമേ പ്രതിഭ അറിയിക്കാനായുള്ളൂ.

9.ഇക്ബാല്‍ അബ്ദുള്ള


10 വിക്കറ്റുകളുമായി ലോകകപ്പില്‍ തിളങ്ങിയ സ്പിന്നര്‍ക്ക് പിന്നീട് ആഭ്യന്തര ക്രിക്കറ്റിലേക്ക് ചുരുങ്ങേണ്ടി വന്നു. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിച്ചും സീനിയര്‍ ടീമിലേക്ക് എത്താനായില്ല.

10. പ്രദീപ് സംഗ്‌വാന്‍


സഹീര്‍ ഖാനു ശേഷം ഇന്ത്യയുടെ ഇടംകൈയ്യന്‍ പേസ് ആക്രമണത്തിന് മൂര്‍ച്ച കൂട്ടേണ്ടിയിരുന്ന താരം. ഉത്തേജകമരുന്ന് ഉപയോഗവും വിലക്കും കൊണ്ട് കരിയര്‍ നഷ്ടടമാക്കി. തന്‍റെ മികച്ച പേസ് മുതലാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സംഗ്‌വാന്‍ ടീം ഇന്ത്യയുടെ ഭാഗമായേനെ.

11. സിദ്ധാര്‍ത്ഥ് കൗള്‍


അണ്ടര്‍ 19 ലോകകപ്പോടെ ഇന്ത്യന്‍ ടീമിലെത്തുമെന്ന ഉറച്ച പ്രതീക്ഷകള്‍ സമ്മാനിച്ച വലം കൈയ്യന്‍ ഫാസ്റ്റ് ബോളര്‍. എന്നാല്‍ പരിക്ക് സിദ്ധാര്‍ത്ഥിനെ മികവ് തൂടരുന്നതില്‍ നിന്ന് പിന്നോട്ടടിച്ചു. ഐപിഎല്ലിലും അധികം മികവ് കാട്ടാനായില്ല. 45 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്ന് 163 വിക്കറ്റാണ് സമ്പാദ്യം.

12. അജിതേഷ് അര്‍ഗള്‍


ഏഴ് റണ്‍സിന് 2 നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തിയ അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ മാന്‍ ഓഫ് ദ് മാച്ച്. ലോകകപ്പിനു ശേഷം ആകെ കളിച്ചത് 10 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങള്‍ മാത്രം. പിന്നീട് കളിക്കളം വിട്ട അജിതേഷ് ഇപ്പോല്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റിലെ ഉദ്യോഗസ്ഥനാണ്.

13. ഡി ശിവകുമാര്‍


ലോകകപ്പില്‍ ഒരു മല്‍സരം പോലും കളിക്കാന്‍ കഴിയാതെ പോയ താരം. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ആന്ധ്രാപ്രദേശ് ടീമിലെ സ്ഥിരം സാന്നിധ്യമാണ് ശിവകുമാര്‍.

14. പെറി ഗോയല്‍


ലോകകപ്പിനു ശേഷം ക്രിക്കറ്റിനോട് വിടപറഞ്ഞ മറ്റൊരു താരം. ജന്‍മനാടായ പഞ്ചാബിനായി ജഴ്സിയണിയാനുള്ള അവസരം പോലും താരത്തിനുണ്ടയില്ല. ഇപ്പോള്‍ ആര്‍എസ്ജി എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ഡയറക്ടര്‍.

 15. നെപ്പോളിയന്‍ ഐന്‍സ്റ്റീന്‍

ലോകകപ്പിനു ശേഷം നെപ്പോളിയനെ അടുത്ത സുഹൃത്തുകള്‍ പോലും മൈതാനത്ത് കണ്ടിട്ടില്ല. ഇപ്പോള്‍ ഒരു ആഭ്യന്തര ലീഗിലും സജീവമല്ലാത്ത ഈ തമിഴ്നാട്ടുകാരന്‍ എവിടെയെന്നത് നിഗൂഡം.

click me!