
ന്യൂയോര്‍ക്ക്: ഇര പോലുമറിയാതെ ഇരയെ വിഴുങ്ങുന്ന കൗശലക്കാരനാണ് ചതുരംഗക്കളത്തില്‍ മാഗ്നസ് കാൾസന്‍. ആനന്ദിനെ തോൽപ്പിച്ച് തുടങ്ങിയ ജൈത്രയാത്രയിൽ ,കാസ്പറോവുമായാണ് കാള്‍സന്‍ താരതമ്യം ചെയ്യപ്പെടുന്നത്. ചെസിലെ മൊസാര്‍ട്ടെന്നാണ് കാള്‍സനെ വാഷിംഗ്ടണ്‍ പോസ്റ്റ് വിശേഷിപ്പിച്ചത്. താളാത്മകമാണ് കാള്‍സന്റെ കരുനീക്കങ്ങള്‍. അതിനൊരു വശീകരണ ശക്തിയുണ്ട്. പ്രതിയോഗിയെ ആകര്‍ഷിച്ച് തന്റെ വലയിലെത്തിക്കുന്ന ഇരപിടിയനോടാണ് അതിന് കൂടുതല്‍ സാമ്യം.
ഈ ആകര്‍ഷണശക്തി ചതുരംഗക്കളത്തിലെ കാള്‍സന്റെ ഓരോ നീക്കങ്ങളിലും ഒളിഞ്ഞിരിപ്പുണ്ട്. ഇതറിയാതെ കരുനീക്കുന്ന പ്രതിയോഗി വലയില്‍ വീഴുന്നു. തന്റെ പൊസിഷന്‍ പരമാവധി സംരക്ഷിച്ചു നിര്‍ത്തി ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന ശൈലിയാണ് കാള്‍സന്റേത്. കളിയുടെ മധ്യത്തിലും അവസാനഘട്ടത്തിലുമാണ് കാള്‍സന്‍ തന്റെ മികവിന്റെ ഉന്നതിയിലേക്കെത്തുന്നത്.
എതിരാളിയുടെ ചെറിയ പിഴവിനായി എത്രവേണമെങ്കിലും കാത്തിരിക്കാന്‍ കാള്‍സന്‍ തയാറാണ്. ഒടുവില്‍ ആ ചെറിയ പിഴവില്‍ പിടിച്ച് ജയിച്ചുകയറും. ആക്രമണോത്സുകനായ ഒരു രാജാവിന് യുദ്ധക്കളത്തില്‍ കൂടുതല്‍ സന്നാഹങ്ങള്‍ അനുവദിക്കാതിരിക്കുക എന്നതാണ് കാള്‍സന്റെ നയം. ഇത് വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കിയാണ് തുടര്‍ച്ചയായി മൂന്നാം തവണയും കാള്‍സന്റെ ലോകജേതാവായത്.
കഴിഞ്ഞ രണ്ട് ലോകചാമ്പ്യന്‍ഷിപ്പില്‍ നിന്ന് വ്യത്യസ്തമായി റഷ്യയുടെ സെര്‍ജി കര്യാക്കിനെതിരെ കാള്‍സന്റെ ജയം അത്ര അനായാസമായിരുന്നില്ല.12 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടുപേരും ആറ് പോയന്റ് വീതം നേടി തുല്യത പാലിച്ചു. കര്യാക്കിന്റെ പ്രതിരോധം ഭേദിക്കുക കടുപ്പമാണെന്ന് തിരിച്ചറിഞ്ഞ കാള്‍സന്‍ എതിരാളിയുടെ പിഴവിനായി കാത്തിരുന്നു. മൂന്നും നാലും ഗെയിമില്‍ കര്യാക്കിന്റെ പിഴവില്‍ നിന്ന് മുതലെടുക്കാന്‍ കാള്‍സന് കഴിഞ്ഞിരുന്നില്ല.
അഞ്ചാം ഗെയിമില്‍ തോല്‍വിയുടെ വക്കത്തെത്തുകയും ചെയ്തു. എന്നാല്‍ കാള്‍സന്റെ പിഴവ് മുതലാക്കാന്‍ കര്യാക്കിനുമായില്ല. കര്യാക്കിന്റെ ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തില്‍ ചതുരംഗക്കളത്തില്‍ അതുവരെ കാള്‍സന് ഉണ്ടായിരുന്ന അസ്‌പൃശ്യത നഷ്ടമാകുകയാണോ എന്ന് എന്നുപോലും ചെസ് ലോകം സംശയിച്ച ദിവസങ്ങളായിരുന്നു അത്. എട്ടാം ഗെയിമിലെ തോല്‍വിയോടെ അവരത് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തതാണ്. എന്നാല്‍ മനസ്സാന്നിധ്യം നഷ്ടമാകാതെ പോരാടിയ കാള്‍സന്‍ ആദ്യം കര്യാക്കിനൊപ്പമെത്തി. പിന്നെ ടൈ ബ്രേക്കറില്‍ കര്യാക്കിനെ വീഴ്‌ത്തുകയും ചെയ്തു.
കഴിഞ്ഞ രണ്ട് ലോക ചെസ് ചാമ്പ്യന്‍ഷിപ്പുകളിലും ആനന്ദിനുമേല്‍ ഉണ്ടായിരുന്ന സമ്പൂര്‍ണ മേധാവിത്വം ഇത്തവണ നഷ്ടമായത് വരും ടൂര്‍ണമെന്റുകളിലും കാള്‍സന് മേല്‍ സമ്മര്‍ദ്ദം കൂട്ടുമെന്നുറപ്പ്. ഇതൊക്കെ ആണെങ്കിലും സമകാലീന താരങ്ങളെക്കാള്‍ ഒരുപടി മുകളില്‍ തന്നെയാണ് കാള്‍സന്റെ സ്ഥാനം. സ്ഥിരത തന്നെയാണ് കാള്‍സനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും. ഒരുപക്ഷെ ഇത്രയും സ്ഥിരത പുലര്‍ത്തിയിരുന്ന മറ്റ് രണ്ട് താരങ്ങള്‍ ബോബി ഫിഷറും ഗാരി കാസ്‌പറോവും മാത്രമായിരിക്കും. അതുകൊണ്ടുതന്നെ കാള്‍സനെ ലോകചെസിലെ അനിഷേധ്യനായ രാജാവ് എന്നുതന്നെ വിശേഷിപ്പിക്കേണ്ടിവരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!