ഉനദ്ഘട്ടിനെ പൊന്നുംവിലകൊടുത്ത് രാജസ്ഥാന്‍ സ്വന്തമാക്കിയത് വെറുതെയല്ല

By Web DeskFirst Published Jan 28, 2018, 3:46 PM IST
Highlights

ബംഗലൂരു: ഈ സീസണിലെ ഐപിഎല്‍ താരലേലത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക നല്‍കി ജയദേവ് ഉനദ്ഘട്ടിനെ രാജസ്ഥാന്‍ സ്വന്തമാക്കിയപ്പോള്‍ നെറ്റി ചുളിച്ചവര്‍ പലരാണ്. അത്രക്കുണ്ടോ ഉനദ്ഘട്ട് എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് കുട്ടി ക്രിക്കറ്റിലെ ഉനദ്ഘട്ടിന്റെ തിളങ്ങുന്ന കരിയര്‍. കഴിഞ്ഞ ഐപിഎല്ലില്‍ 24 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു പൂനെയുടെ താരമായിരുന്ന ഉനദ്ഘട്ട്.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ എറിഞ്ഞ അവസാന ലാസ്റ്റ് ഓവര്‍ മെയ്ഡനും ഹാട്രിക്ക് അടക്കം അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ പ്രകടനവുമെല്ലാം ഉനദ്ഘട്ടിന്റെ മൂല്യമേറ്റുന്നതായിരുന്നു. മികച്ച ഫീല്‍ഡര്‍ കൂടിയാണെന്നത് ഉനദ്ഘട്ടിന് മുതല്‍ക്കൂട്ടായി. മികച്ച സ്ലോ ബോളുകളാണ് ഉനദ്ഘട്ടിന്റെ മറ്റൊരു പ്രത്യേകത. അടുത്തിടെ ശ്രീലങ്കക്കെതിരെ നടന്ന ട്വന്റി-20 പരമ്പരയില്‍ മാന്‍ ഓഫ് ദ് സീരീസായി തെരഞ്ഞെടുക്കപ്പെട്ടതും ഉനദ്ഘട്ട് തന്നെയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും ഉനദ്ഘട്ടുണ്ട്. അസാമാന്യ വേഗമില്ലെങ്കിലും ട്വന്റി-20 ക്രിക്കറ്റിന്റെ ആവശ്യം അനുസരിച്ച് ബുദ്ധിപൂര്‍വം പന്തെറിയാനുള്ള മിടുക്കാണ് 26കാരനായ ഉനദ്ഘട്ടിനെ മറ്റ് പേസ് ബൗളര്‍മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. താരലേലത്തില്‍ ചെന്നൈയും കിംഗ്സ് ഇലവനും വാശിയേറിയ ലേലം വിളി 10 കോടി പിന്നിട്ടപ്പോഴാണ് രാജസ്ഥാന്റെ നാടകീയമായി രംഗത്തെത്തി ഉനദ്ഘട്ടിനെ വലയിലാക്കിയത്. ഈ സീസണില്‍ ഉനദ്ഘട്ടിന്റെ മികവ് രാജസ്ഥാനെ കിരീടത്തിലേക്ക് നയിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

click me!