അഞ്ഞൂറാം ടെസ്റ്റ്: വിസ്ഡന്‍ ഇന്ത്യയുടെ സ്വപ്ന ടീമിനെ പ്രഖ്യാപിച്ചു

By Web DeskFirst Published Sep 20, 2016, 5:53 PM IST
Highlights

ലണ്ടന്‍: ഇന്ത്യയുടെ അഞ്ഞൂറാം ടെസ്റ്റിനോട് അനുബന്ധിച്ച് സ്വപ്ന ടീമിനെ പ്രഖ്യാപിച്ച് വിസ്ഡന്‍. എം എസ് ധോണിയാണ് നായകന്‍. ഗുണ്ടപ്പ വിശ്വനാഥും സൗരവ് ഗാംഗുലിയും അന്തിമ ഇലവനില്‍  ഇല്ല. 1932 മുതൽ 2016വരെയുള്ള 499 ടെസ്റ്റിൽ കളിച്ച 285 ഇന്ത്യന്‍  താരങ്ങളില്‍ നിന്നാണ് സ്വപ്ന ടീമിനെ വിസ്ഡന്‍  തെരഞ്ഞെടുത്തത്.

ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസും 30 സെഞ്ച്വറിയും പിന്നിട്ട ആദ്യ ബാറ്റ്സ്മാനായ സുനില്‍ ഗാവസ്കറും ഇന്ത്യന്‍ ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറിനുടമയായ വിരേന്ദര്‍  സെവാഗും ഓപ്പണര്‍മാരായത് കാര്യമായ  വെല്ലുവിളിയില്ലാതെ. അടുത്ത രണ്ട് സ്ഥാനങ്ങളെ ചൊല്ലി സംശയമേയില്ല. വിദേശ പിച്ചുകളിലെ  വിശ്വസ്തനായ ബാറ്റ്സ്മാന്‍ രാഹുല്‍  ദ്രാവിഡ്  വൺഡൗണിലും, ബ്രാഡ്മാനൊപ്പം ക്രിക്കറ്റ് ആരാധകര്‍ പ്രതിഷ്ഠിക്കുന്ന സച്ചിന്‍ തെൻഡുൽക്കര്‍
നാലാം നമ്പറിലും.

ഗുണ്ടപ്പ വിശ്വനാഥിന്റെയും  സൗരവ് ഗാംഗുലിയുടെയും കടുത്ത വെല്ലുവിളി മറികടന്ന് വി വിഎസ് ലക്ഷ്മണെ അഞ്ചാം നമ്പറില്‍ എത്തിച്ചത് കൊൽക്കത്തയിൽ ഓസ്ട്രേട്രേലിയക്കെതിരായ ഐതിഹാസിക ഇന്നിംഗ്സാണ്. ഓള്‍റൗണ്ടര്‍ പദവിയിൽ കപില്‍ ദേവ് അല്ലാതെ മറ്റാരെയും വിസ്ഡനും ചിന്തിക്കാനായില്ല.ഏഴാം നമ്പര്‍ ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറും ആയ  എം എസ് ധോണി പുതിയ തലമുറയുടെ  പ്രതിനിധിയായി.

കണക്കുകള്‍ നോക്കിയാൽ ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മാച്ച് വിന്നറായ അനിൽ കുംബ്ലെക്കൊപ്പം എതിരാളികളെ  കറക്കി വീഴ്‌ത്താന്‍ ഇടംകൈയന്‍  സ്പിന്‍  ഇതിഹാസം ബിഷന്‍ സിംഗ് ബേദിയും വിസ്ഡന്റെ ടീമിലെത്തി. 90കളില്‍  ഇന്ത്യന്‍ പേസ് ആക്രമണത്തിന് നേതൃത്വം നൽകിയ ജവഗല്‍  ശ്രീനാഥും ഇന്ത്യന്‍ ബൗളിംഗിലെ സച്ചിന്‍ എന്ന് ധോണി വിശേഷിപ്പിച്ച സഹീര്‍ ഖാനും ചേരുമ്പോള്‍ സ്വപ്ന ടീം പൂര്‍ണം.

മുന്‍ നായകന്‍ മുഹമ്മദ് അസഹ്റുദ്ദീന്‍ ആണ് പന്ത്രണ്ടാമന്‍. ഗാംഗുലിയും പട്ടൗഡിയും അന്തിമ ഇലവനില്‍ ഉള്‍പ്പെടാതിരുന്നപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ധോണിയുടെ  തെരഞ്ഞെടുപ്പും എളുപ്പമായി.

click me!