
പുസർല വെങ്കിട്ട സിന്ദു എന്ന പി.വി സിന്ധു ഒരിക്കൽ കൂടി ഇന്ത്യൻ കായിക രംഗത്തിൻ്റെ അഭിമാന സിന്ധുവാകുകയാണ്. സ്കോട്ലാൻ്റിലെ ഗ്ലാസ്കോ ഗ്രൗണ്ടിൽ ലോക ബാറ്റ്മിൻ്റൺ ചാമ്പ്യൻഷിപ്പില്‍ അവസാന അങ്കത്തിലേക്ക് സ്മാഷ് പായിച്ച് അവൾ വീണ്ടും ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷകളുടെ തലപ്പത്ത് നിൽക്കുന്നു. രാജ്യം പ്രാർഥനയിലാണ്, ആ ഹൈദരാബാദുകാരിയുടെ ബാറ്റിൽ നിന്ന് സുവർണ നേട്ടത്തിൽ കുറഞ്ഞതൊന്നും തങ്ങളെ തേടിയെത്തരുതെന്ന്.
ലോക ജൂനിയർ ചാമ്പ്യൻപട്ടത്തിൻ്റെ ബലത്തിൽ എത്തിയ ചൈനയുടെ ചെന്‍ യൂഫെയിയെ സെമിഫൈനലിൽ നിലം തൊടാതെ പറത്തിയാണ് സിന്ധു രാജ്യത്തിൻ്റെ ഹൃദയത്തിലേക്ക് സ്മാഷ് പായിച്ചത്. കഴിഞ്ഞ വർഷം റിയോ ഒളിമ്പിക്സ് ഫൈനലിൽ എത്തി രാജ്യത്തിൻ്റെ അഭിമാനമുയർത്തി വെള്ളി നേടിയ സിന്ധു ഇത്തവണ ലോക ചാമ്പ്യൻപട്ടത്തിൽ കുറഞ്ഞതൊന്നും മോഹിക്കുന്നില്ല. ഒളിമ്പിക്സ് സെമിയിൽ സിന്ധു പരാജയപ്പെടുത്തിയ ജപ്പാന്റെ നൊസോമി ഒകുഹാര ഇത്തവണ ഫൈനലിൽ എതിരാളി എത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്.
സെമിയിൽ ഇന്ത്യയുടെ തന്നെ സൈന നെഹ്വാളിനെ തോൽപ്പിച്ചെത്തിയ നൊസോമി ഒകുഹാരക്ക് സിന്ധുവിൻ്റെ ബാറ്റ് മറുപടി നൽകുന്നതും കാത്തിരിക്കുകയാണ് രാജ്യമൊന്നടങ്കം. ആറ് തവണ ഒകുഹാരയുമായി ഏറ്റുമുട്ടിയപ്പോള്‍ മൂന്നു തവണ സിന്ധുവും മൂന്നു തവണ ഒകുഹാരയുമാണ് വിജയിച്ചത്. അതുകൊണ്ട് തന്നെ ഫൈനല്‍ തുല്യശക്തികളുടെ പോരാട്ടമാകുമെങ്കിലും ഏറ്റവും ഒടുവില്‍ നടന്ന രണ്ട് മത്സരങ്ങളിലും വിജയം സിന്ധുവിനൊപ്പമായിരുന്നു.
കഴിഞ്ഞ ഒളിമ്പിക്സ് പ്രകടനത്തോടെയാണ് സൈന നെഹ്വാളിൻ്റെ നിഴലിൽ സിന്ധു കുതിച്ചുയർന്നത്. ഒളിമ്പിക്സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ ബാറ്റ്മിൻ്റൺ താരം കൂടിയായി സിന്ധു മാറി. ഇന്ത്യയുടെ അഭിമാനതാരം പുല്ലേല ഗോപിചന്ദ് ആണ് സിന്ധുവിൻ്റെ പരിശീലകൻ. 2013 മേയ് 4ന് സിന്ധു മലേഷ്യ ഗ്രാൻ്റ് പ്രി ഗോൾഡ് കരസ്ഥമാക്കി. കലാശക്കളിയിൽ സിംഗപ്പൂരിൻ്റെ ജുവാൻ ഗുവിനേയാണ് സിന്ധു പരാജയപ്പെടുത്തിയത്. 2013ൽ തന്നെ ലോകബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ സിംഗിൾസ് വെങ്കലം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായിക്കൊണ്ട് പി.വി. സിന്ധു തൻ്റെ കരിയറിലെ എറ്റവും മികച്ച നേട്ടം കുറിച്ചു. അതിനെയും മറികടക്കുന്ന പ്രകടനമാണ് കഴിഞ്ഞ ഒളിമ്പിക്സിലും ഇത്തവണ ഗ്ലാസ്കോയിലും നടത്തിയത്.
ഒളിമ്പിക്സ് ഫൈനലിലെത്തുന്ന ഏക ഇന്ത്യൻ താരം എന്ന ബഹുമതിക്ക് പുറമെ ഒട്ടേറെ നേട്ടങ്ങൾ നേരത്തെ സിന്ധു സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. 2013 ഇന്ത്യൻ സൂപ്പർ സീരീസിൽ രണ്ടാം സ്ഥാനം, 2012ൽ നിലവിലെ ഒളിമ്പിക്സ് ജേതാവായ ലി ചുറേയിയേ തോല്പിച്ചു, 2013ൽ നിലവിലെ ഏഷ്യൻ ഗെയിംസ് ജേതാവായ വാംഗ് ഷിക്സിയാനേ തോല്പിച്ചു, 2013 മേയിൽ മലേഷ്യൻ ഓപ്പൺ കിരീടം, 2013 നവംബർ 30നു മകാവു ഓപ്പൺ ഗ്രാൻപ്രീ ഗോൾഡ് ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ കിരീടം എന്നിവയെല്ലാം ആ പട്ടികയിൽ ഉൾപ്പെടുന്നു. പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നൽകിയാണ് രാജ്യം സിന്ധുവിനെ ആദരിച്ചത്. ഒളിമ്പിക്സ് പ്രകടനത്തെ തുടർന്ന് സിന്ധുവിനെ ഡെപ്യൂട്ടി കലക്ടറായി ആന്ധ്രാ സർക്കാർ ജോലി നൽകുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!