കാല്‍പന്താരവം കോവളത്തും

By web deskFirst Published Jun 14, 2018, 11:26 AM IST
Highlights
  • ഇന്ന് റഷ്യയില്‍ മറ്റൊരു ലോകമാമാങ്കത്തിന് അരങ്ങോരുങ്ങുമ്പോള്‍ ഇങ്ങ് കോവളത്തും  ആരവം ഉയരുകയാണ്

തിരുവനന്തപുരം: ലോകകപ്പ് മാമാങ്കത്തിന് റഷ്യയില്‍ ഇന്ന് തിരിതെളിയുമ്പോള്‍ കേരളത്തിന്റെ വിനോദ സഞ്ചാര ഹബ്ബായ കോവളത്ത് നാട്ടുകാരും വിനോദ സഞ്ചാരികളും ആഘോഷത്തിമിര്‍പ്പില്‍. ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് കളിക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ വീറും വാശിയുമാണ് കോവളത്തെ ഫുട്‌ബോള്‍ മാമാങ്കത്തിന്. ഇത്തവണത്തെ ഫുട്‌ബോള്‍ ലോകകപ്പ് റഷ്യയിലാണെന്നത് കോവളത്തെ ആഘോഷത്തിന്റെ മാറ്റ് കൂട്ടുന്നു. 

സാമ്പത്തികമാദ്ധ്യകാലത്തും തീവ്രവാദ ആക്രമണഭീഷണിക്കാലത്തും യൂറോപ്യന്‍ സഞ്ചാരികള്‍ കോളവത്തെ ഒഴിവാക്കിയപ്പോഴും കൃത്യമായ ഇടവേളകളില്‍ കോവളത്ത് റഷ്യന്‍ സഞ്ചാരികളുണ്ടായിരുന്നു. ഇത് രാഷ്ട്രീയ സാംസ്‌കാരികയ്ക്കുമപ്പുറം കോവളത്തിനും റഷ്യന്‍ സഞ്ചാരികള്‍ക്കുമിയില്‍ ഒരു ആത്മബന്ധം സൂക്ഷിച്ചിരുന്നു. ഈ ആത്മബന്ധത്തിന്‍റെ പ്രതിഫലനമാണ് ഇപ്പോള്‍ കോവളത്തുയരുന്ന ആവേശത്തിര.

ഇന്ന് റഷ്യയില്‍ മറ്റൊരു ലോകമാമാങ്കത്തിന് അരങ്ങോരുങ്ങുമ്പോള്‍ ഇങ്ങ് കോവളത്തും  ആരവം ഉയരുകയാണ്. കാല്‍പ്പന്ത് കളിയുടെ തുടക്കത്തില്‍തന്നെ തെരഞ്ഞെടുപ്പ് കാലത്തെ കലാശക്കൊട്ടിന്റെ ആവേശമാണ് വിഴിഞ്ഞം, അടിമലത്തുറ, പൂവാര്‍ തീരദേശ റോഡുകളിലെ കാഴ്ചകള്‍. ഇതിനൊപ്പം ടീമുകളുടെ ചിത്രങ്ങളും അടിക്കുറിപ്പുകളും ചേര്‍ന്ന വമ്പന്‍ ബോര്‍ഡുകളും പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. 

ഇഷ്ടപ്പെട്ട ടീമുകള്‍ക്ക് ആശംസനേര്‍ന്ന് കൊണ്ടുള്ള ബൈക്ക് റാലികളും തോരാത്ത മഴയും അവഗണിച്ച് ഇന്നലെ റോഡുകളെ സജീവമാക്കി. ആവേശം ചോരാതെ എല്ലാ കളികളും നേരിട്ട് കണാന്‍ ഫുട്‌ബോള്‍ ക്‌ളബ്ബുകളുടേയും അസോസിയേഷനുകളുടേയും നേതൃത്വത്തില്‍ മൈതാനങ്ങളില്‍ വലിയ സ്‌ക്രീനും ഒരുക്കുന്നുണ്ട്. ടീമുകളുടെ ജേഴ്‌സിയണിഞ്ഞ് ഇന്ന് കോട്ടപ്പുറം സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട് 4 ഓടെ ലോക ഫുട്‌ബോള്‍ മത്സരത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് കോവളം ഫുട്‌ബോള്‍ ക്‌ളബിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലും അരങ്ങേറും.
 

click me!