
കട്ടക്ക്: ഇന്ത്യന്‍ ആരാധകരെ ഒരിക്കല്‍കൂടി ആവേശക്കൊടുമുടിയേറ്റി ധോണി-യുവരാജ് സഖ്യം കട്ടക്കില്‍ നിറഞ്ഞാടിയപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 382 റണ്‍സ് വിജയലക്ഷ്യം. യുവരാജിന്റെയും ധോണിയുടെയും സെഞ്ചുറികളുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ കുറിച്ചത്. കളി ചൂടുപിടിക്കും മുമ്പെ രാഹുലം കൊഹ്‌ലിയും ധവാനും കൂടാരം കയറിയപ്പോള്‍ ഇന്ത്യ ഞെട്ടി. എന്നാല്‍ ഇന്ത്യയുടെ ബാറ്റിംഗ് വിരുന്ന് കാണാനെത്തിയ ആരാധകരെ ധോണിയും യുവരാജും നിരാശരാക്കിയില്ല.
കരുതലോടെ തുടങ്ങിയ ഇരുവരും നിലയുറപ്പിച്ചശേഷം ആഞ്ഞടിച്ചതോടെ ഇംഗ്ലീഷ് ബൗളര്‍മാര്‍ കാഴ്ചക്കാരായി. പത്താം ഓവറില്‍ 50 കടന്ന ഇന്ത്യ 22-ാം ഓവറില്‍ 100 പിന്നിട്ടു. ഇതിനിടെ യുവി 56 പന്തില്‍ അര്‍ധസെഞ്ചുറി പിന്നിട്ടിരുന്നു. 68 പന്തില്‍ ധോണിയും അര്‍ധ സെഞ്ചുറി പിന്നിട്ടതോടെ ഇന്ത്യ ടോപ് ഗിയറിലായി. കൂട്ടത്തില്‍ യുവിയായിരുന്നു കൂടുതല്‍ അക്രമണോത്സുകന്‍. ധോണിയാകട്ടെ യുവിക്ക് പറ്റിയ പങ്കാളിയായി.
ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സെഞ്ചുറി തികച്ച യുവി അവിടംകൊണ്ടും നിര്‍ത്തിയില്ല. 98 പന്തിലായിരുന്നു യുവിയുടെ കരിയറിലെ പതിനാലാം സെഞ്ചുറി. മൂന്നക്കം കടന്നതോടെ കൂടുതല്‍ ആക്രമിച്ച് കളിച്ച യുവരാജ് ഇന്ത്യയെ 250 കടത്തിയാണ് പുറത്തായത്. 127 പന്തില്‍ 150 റണ്‍സെടുത്ത് പുറത്തായ യുവി കരിയറിലെ ഏറ്റവും മികച്ച സ്കോറും ഇതിനിടെ കുറിച്ചു.
25ല്‍ ഒത്തു ചേര്‍ന്ന യുവി-ധോണി സഖ്യം നാലാം വിക്കറ്റില്‍ 231 റണ്‍സാണ് അടിച്ചെടുത്തത്. 106 പന്തില്‍ പത്താം ഏകദിന സെഞ്ചുറി പിന്നിട്ട ധോണി അവസാന ഓവറുകളില്‍ ആഞ്ഞടിച്ചതോടെ ഇന്ത്യ 350 കടന്നു. 48-ാം ഓവറില്‍ 134 ധോണി പുറത്താവുമ്പോള്‍ ഇന്ത്യ 358ല്‍ ഏത്തിയിരുന്നു. 45-ാം ഓവറില്‍ 300 കടന്ന ഇന്ത്യ അവസാന അഞ്ചോവറില്‍ 81 റണ്‍സാണ് അടിച്ചെടുത്തത്. അവസാന ഓവറുകളില്‍ കേദാര്‍ ജാദവും(10 പന്തില്‍ 22) ഹര്‍ദ്ദിക് പാണ്ഡ്യയും(9 പന്തില്‍19 നോട്ടൗട്ട് ), രവീന്ദ്ര ജഡേജ(8 പന്തില്ഡ 16 നോട്ടൗട്ട്) നടത്തിയ മിന്നലടികള്‍ ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!