ജനലാണെന്നു കരുതി തുറന്നത് വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍, പിന്നെ സംഭവിച്ചത്!

By Web TeamFirst Published Apr 27, 2019, 2:35 PM IST
Highlights

ജീവിതത്തില്‍ ആദ്യമായി വിമാനത്തില്‍ കയറിയ യാത്രക്കാരന്‍ ജനലാണെന്നു കരുതി എമര്‍ജന്‍സി വാതില്‍ തുറന്നു. 

ബെംഗളൂരു: ജീവിതത്തില്‍ ആദ്യമായി വിമാനത്തില്‍ കയറിയ യാത്രക്കാരന്‍ ജനലാണെന്നു കരുതി എമര്‍ജന്‍സി വാതില്‍ തുറന്നു. ബംഗളൂരു കെംപെ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. 

ബംഗളൂരുവില്‍ നിന്നും ലഖ്‌നൗവിലേക്കു പോകുകയായിന്ന ഗോ എയര്‍ വിമാനത്തില്‍ സംഭവം. ഉത്തര്‍പ്രദേശ് സ്വദേശി സുനില്‍കുമാറാണ് വാതില്‍ തുറന്നത്. തലനാരിയ്‍ക്കാണ് വന്‍ദുരന്തം ഒഴിവായത്.

വ്യാഴാഴ്ച രാവിലെ 8.12 ഓടെയാണ് സംഭവം. 171 യാത്രക്കാരുമായി റണ്‍വേയിലൂടെ നീങ്ങിത്തുടങ്ങിയിരുന്നു വിമാനം. ബെംഗളൂരുവില്‍ നിര്‍മ്മാണത്തൊഴിലാളിയായ സുനില്‍ നാട്ടിലേക്ക് പോകാനാണ് വിമാനത്തില്‍ കയറിയത്. എമര്‍ജന്‍സി വാതിലിന് അടുത്തുള്ള സീറ്റിലരുന്ന സുനില്‍ ബലംപ്രയോഗിച്ച് വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍ തുറക്കുകയായിരുന്നു. വിമാനം പെട്ടെന്ന് നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി.

തുടര്‍ന്ന് സുനില്‍കുമാറിനെ വിമാനത്താവളം പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന് വിമാനം രണ്ടുമണിക്കൂറോളം വൈകി. യാത്രക്കാരെ മറ്റു വിമാനങ്ങളില്‍ കയറ്റിവിടുകയായിരുന്നു.

അടിയന്തരസാഹചര്യമുണ്ടായാല്‍ എന്തുചെയ്യണമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായും സുനില്‍കുമാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഹിന്ദിയിലും നിര്‍ദേശം നല്‍കിയിരുന്നുവെന്നും ഗോ എയര്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

സുനില്‍കുമാറിനെക്കുറിച്ച് ബംഗളൂരുവിലും ലഖ്‌നൗവിലും അന്വേഷിച്ചപ്പോള്‍ സംശയകരമായ വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് പോലീസ് പറഞ്ഞു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ സുനില്‍കുമാര്‍ ക്ഷമചോദിച്ചു. ഇയാള്‍ക്കെതിരെ കേസെടുത്തശേഷം താക്കീതുനല്‍കിയ ശേഷം വിട്ടയച്ചു.

കഴിഞ്ഞ വര്‍ഷം ചൈനയിലെ മിയാന്‍യാങ് വിമാനത്താവളത്തിലും സമാനസംഭവം അരങ്ങേറിയിരുന്നു. യാത്രയ്ക്കിടെ ചൂട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന്, ശുദ്ധവായു ലഭിക്കാന്‍ 25കാരന്‍ പറന്നുയര്‍ന്ന വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍ തുറക്കുകയായിരുന്നു. 2014ൽ ആഭ്യന്തര വിമാനത്തിൽ സഞ്ചരിച്ച യാത്രക്കാരന്‍ ഇതുപോലെ കാറ്റ് കിട്ടാനായി എമര്‍ജന്‍സി വാതില്‍ തുറന്നിരുന്നു. അന്ന് വിമാനത്തിന് പറ്റിയ കേടുപാടുകള്‍ക്ക് പരിഹരിക്കാനുള്ള തുക യാത്രക്കാരനില്‍ നിന്ന് തന്നെ ഈടാക്കി. 2017ലാണ് അന്ധവിശ്വാസമുളള ഒരു സ്ത്രീ വിമാനത്തിന്‍റെ എൻജിനില്‍ നാണയങ്ങള്‍ എറിഞ്ഞ് എൻജിന്‍ കേടാക്കിയത്.

click me!