ജോലിസമയം കഴിഞ്ഞു, ട്രെയിന്‍ പാതിവഴിയിലിട്ട് എഞ്ചിന്‍ ഡ്രൈവര്‍ ഇറങ്ങിപ്പോയി!

By Web TeamFirst Published Apr 20, 2019, 12:21 PM IST
Highlights

എഞ്ചിന്‍ ഡ്രൈവര്‍ ട്രെയിന്‍ പാതിവഴിക്ക് നിര്‍ത്തിയിട്ട് ഇറങ്ങിപ്പോയി

ചെന്നൈ: അധികസമയ ജോലിയെന്ന് ആരോപിച്ച് എഞ്ചിന്‍ ഡ്രൈവര്‍ ട്രെയിന്‍ പാതിവഴിക്ക് നിര്‍ത്തിയിട്ട് ഇറങ്ങിപ്പോയി. തമിഴ്‍നാട്ടിലെ നാഗപട്ടണം ജില്ലയിലെ സീർക്കാഴിക്കു സമീപം വൈദ്ദീശ്വരൻകോവിൽ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. 

ചരിക്ക് ട്രെയിന്‍ ഓടിച്ച ലോക്കോ പൈലറ്റ് മുത്തുരാജാണ് ഈ അസാധാരണ പ്രതിഷേധത്തിനു പിന്നില്‍. തനെയ്‌വേലിയിൽനിന്ന് ലിഗ്നൈറ്റുമായി കാരയ്ക്കൽ തുറമുഖത്തേക്കു പോകുകയായിരുന്നു ട്രെയിന്‍. രാത്രി 7.30 ഓടെ വൈദ്ദീശ്വരൻകോവിൽ റെയിൽവേ സ്റ്റേഷനില്‍ നിന്നും ട്രെയിനിന് കടന്നു പോകാന്‍ സിഗ്നല്‍ ലഭിച്ചു. പക്ഷേ ഏറെ നേരം കഴിഞ്ഞിട്ടും ട്രെയിന്‍ മുന്നോട്ടെടുത്തില്ല. തുടര്‍ന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ സമീപിച്ചപ്പോഴാണ് തന്‍റെ ജോലിസമയം കഴിഞ്ഞതായി മുത്തുരാജ് പറയുന്നത്. 11 മണിക്കൂറാണ് ജോലി സമയമെന്നും ഇപ്പോള്‍ 15 മിനിറ്റ് താന്‍ അധികം ജോലി ചെയ്തുവെന്നും വ്യക്തമാക്കിയ മുത്തുരാജ് ട്രെയിനില്‍ നിന്നും ഇറങ്ങുകയും ചെയ്‍തെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതോടെ റൂട്ടിലെ ട്രെയിന്‍ ഗതാഗതം രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടു. തിരുപ്പതി - കാരയ്‍ക്കല്‍ എക്സപ്രസ് അടക്കമുള്ള പ്രധാന വണ്ടികളെല്ലാം മുടങ്ങി. സമീപത്തെ ലെവല്‍ക്രോസ് അടിച്ചിടുക കൂടി ചെയ്‍തതോടെ റോഡ് ഗതാഗതവും മുടങ്ങി. പിന്നീട് ഏറെ നേരത്തെ നിര്‍ബന്ധത്തിനു വഴങ്ങി മുത്തുരാജ് തന്നെ തൊട്ടടുത്തുള്ള മായാവരം സ്റ്റേഷനിലേക്ക് വണ്ടി മാറ്റിയിട്ടു. തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചത്. 

കഴിഞ്ഞ വര്‍ഷം സമാനമായ സംഭവം തൃശൂര്‍ ഒല്ലൂര്‍ റെയില്‍വേസ്റ്റേഷനിലും അരങ്ങേറിയിരുന്നു. അന്ന് ഒല്ലൂര്‍ റെയില്‍വേ ഗേറ്റിന് സമീപത്ത് വച്ച് ഗുഡ്‍സ് ട്രെയിനിലെ ലോക്കോ പൈലറ്റ് തന്റെ 10മണിക്കൂര്‍ ഡ്യൂട്ടി സമയം അവസാനിച്ചു, ഇനി വിശ്രമം വേണമെന്ന് പറഞ്ഞ് ഇറങ്ങിപ്പോകുകയായിരുന്നു. അന്ന് ഇവിടുത്തെ റെയില്‍വേ ഗേറ്റ് 18 മണിക്കൂറോളമാണ് അടഞ്ഞുകിടന്നത്.

click me!