സഞ്ചാരി വീണത് 800 അടിയുള്ള അഗ്നിപര്‍വ്വത ഗർത്തത്തില്‍, കരകയറ്റിയത് ആ ശബ്‍ദങ്ങള്‍!

By Web TeamFirst Published Jun 17, 2019, 12:50 PM IST
Highlights

വിനോദ സഞ്ചാരി അഗ്നിപര്‍വ്വതത്തിന്‍റെ 800 അടിയോളം ആഴമുള്ള ഗര്‍ത്തത്തിലേക്ക് വീണു

അഗ്നിപര്‍വ്വതത്തിന്‍റെ 800 അടിയോളം ആഴമുള്ള ഗര്‍ത്തത്തിലേക്ക് വീണ സഞ്ചാരി അദ്ഭുതകരമായി രക്ഷപ്പെട്ടു. അമേരിക്കയിലെ ഒറിഗോണിലുള്ള അഗ്നിപര്‍വ്വതത്തിനു സമീപമാണ് സംഭവം. 

ക്രേറ്റര്‍ ലേക്ക് ദേശീയ പാര്‍ക്ക് മേഖലയിലുള്ള അഗ്നിപര്‍വത മുഖത്ത് മറ്റ് സഞ്ചാരികള്‍  നോക്കി നില്‍ക്കെ ഒരാള്‍ കാല്‍വഴുതി വീഴുകയായിരുന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ഹെലികോപ്റ്ററിൽ സംഭവസ്ഥലത്തെത്തി. എന്നാല്‍ ഏകദേശം180 മീറ്റര്‍ ആഴത്തിലേക്ക് മാത്രമാണ് ഇവര്‍ക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിഞ്ഞത്. ഒടുവില്‍ ഇരുട്ടില്‍ തപ്പിയ രക്ഷാപ്രവര്‍ത്തകര്‍ ഒരു ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പോലും തീരുമാനിച്ചു.

അതിനിടെയായിരുന്നു അപ്രതീക്ഷിത വഴിത്തരിവ്. ഗര്‍ത്തത്തിന്‍റെ ആഴത്തില്‍ നിന്നും നേര്‍ത്ത നിലവിളി കേട്ടു. അതോടെ വീണ്ടും താഴേക്കിറങ്ങിയ രക്ഷാപ്രവര്‍ത്തകര്‍ ഒടുവില്‍ 240 മീറ്റര്‍ താഴ്ചയില്‍ പരിക്കേറ്റു കിടക്കുന്നയാളെ കണ്ടെത്തി. 

കഴുത്തിനും വാരിയെല്ലുകള്‍ക്കും ഒരു കൈക്കുമാണ് വീഴ്ചയില്‍ സാരമായ പരിക്കേറ്റയാളെ അരമണിക്കൂറിനുള്ളില്‍  ആശുപത്രിയിലെത്തിച്ചു.  ഇയാള്‍ ഇപ്പോള്‍  ആശുപത്രി വിട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും സാധാരണ ജീവിതത്തിലേക്ക് ഇയാള്‍ തിരിച്ചു വരാന്‍ മാസങ്ങളെടുക്കുമെന്നാണു കരുതുന്നത്. സമാനമായ രീതിയില്‍ ഹവായിയിലെ ഒരു അഗ്നിപര്‍വത മുഖത്തേക്ക് വീണ അമേരിക്കന്‍ സൈനികനെ ഒരു മാസം മുന്‍പ് രക്ഷപെടുത്തിയിരുന്നു

വീഴ്ച തടയാനുള്ള കമ്പിവേലിയോ മറ്റ് സംവിധാനങ്ങളോ അഗ്നിപര്‍വ്വതമുഖത്ത് ഇല്ലായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗര്‍ത്തിന്‍റെ താഴേയ്ക്കുള്ള ഭാഗം ഇടുങ്ങിയതായതിനാലാണ് പരിക്കേറ്റയാളുടെ നിലവിളി രക്ഷാപ്രവര്‍ത്തകര്‍ കേട്ടതെന്നും ഇല്ലെങ്കില്‍ നേര്‍ത്ത ശബ്ദം കേള്‍ക്കാനുള്ള സാധ്യത വിരളമായിരുന്നുവെന്നുമാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. മുകളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരുടെ ശബ്ദങ്ങളാവാം പാതി ബോധത്തിലും പരിക്കേറ്റ വ്യക്തി നിലവിളിച്ചതിനു കാരണം. 

click me!