
ഇന്ത്യൻ വിവാഹങ്ങളിലെ വിഭവസമൃദ്ധമായ സദ്യകളെയും ബഫേകളെയും വെല്ലുവിളിച്ചുകൊണ്ട് ഒരു 'മാഗി സ്റ്റാൾ' ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. ആദിത്യ വർമ്മ എന്ന യുവാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഈ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. ഒരു വിവാഹവേദിയിൽ നൂറുകണക്കിന് വിഭവങ്ങൾ ഉണ്ടായിട്ടും അതിഥികൾ കൂട്ടംകൂടി നിൽക്കുന്നത് ഒരു സാധാരണ മാഗി സ്റ്റാളിന് മുന്നിലാണെന്ന് വീഡിയോയിൽ കാണാം.
'എല്ലാ വിവാഹങ്ങളിലും മാഗി നിർബന്ധമാക്കണം' എന്ന അടിക്കുറിപ്പോടെയാണ് ആദിത്യ വീഡിയോ പങ്കുവെച്ചത്. ആധുനിക കാലത്തെ എത്ര വലിയ വിരുന്നിലായാലും മാഗിക്ക് ലഭിക്കുന്ന സ്വീകാര്യത കണ്ട് വെഡിങ് പ്ലാനർമാരും കാറ്ററിംഗ് നടത്തുന്നവരും ഇത് ശ്രദ്ധിക്കണമെന്നും യുവാവ് പറയുന്നു. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.
ഈ വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളുമായിട്ടാണ് ആളുകൾ രംഗത്തെത്തിയിരിക്കുന്നത്. ചർച്ച കൊഴുത്തതോടെ മാഗിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് തന്നെ പ്രതികരണവുമായെത്തി. 'ഞങ്ങൾ ഇതിനോട് യോജിക്കുന്നു' എന്നായിരുന്നു മാഗി കമന്റ് നൽകിയത്.
'അവസാനം എല്ലാവർക്കും വേണ്ടത് മാഗി തന്നെയാണ്' എന്നായിരുന്നു വീഡിയോയ്ക്ക് ഒരാൾ കമന്റ് നൽകിയത്. 'ഫൈവ് സ്റ്റാർ ബഫേ തോറ്റു, മാഗി ജയിച്ചു' എന്നായിരുന്നു മറ്റൊരു കമന്റ്. 'കല്യാണമോ പാർട്ടിയോ ആകട്ടെ, മാഗി ഒരു വികാരമാണ്' എന്നും 'ഡയറ്റിംഗ് നാളെ മുതൽ, ഇന്ന് രണ്ട് പ്ലേറ്റ് മാഗി' എന്നും ആളുകൾ തമാശരൂപേണ പ്രതികരിച്ചു.
അന്താരാഷ്ട്ര വിഭവങ്ങളും വൈവിധ്യമാർന്ന ഭക്ഷണ സ്റ്റാളുകളും വിവാഹങ്ങളിൽ സാധാരണമാണെങ്കിലും, മാഗി പോലെയുള്ള ലളിതമായ ഭക്ഷണങ്ങളോടുള്ള ജനങ്ങളുടെ ഗൃഹാതുരത്വവും താല്പര്യവുമാണ് ഈ വീഡിയോയിലൂടെ തെളിയുന്നത്.