
അഞ്ച് തെരുവുനായ്ക്കളെ തന്റെ ചെറിയ സൈക്കിൾ റിക്ഷയിൽ ഇരുത്തി തിരക്കേറിയ തെരുവിലൂടെ യാത്ര ചെയ്യുന്ന ഒരു വയോധികന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കണ്ടുനിൽക്കുന്നവരുടെ ഹൃദയങ്ങളെ തൊടുന്ന ഈ ദൃശ്യങ്ങൾ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്. എക്സിൽ പങ്കുവെക്കപ്പെട്ട ഈ വീഡിയോയിൽ, അവശതകൾക്കിടയിലും തന്റെ റിക്ഷ ആത്മവിശ്വാസത്തോടെ ഓടിക്കുന്ന വയോധികനെ കാണാം. അദ്ദേഹത്തിന് ചുറ്റും യാതൊരു പേടിയുമില്ലാതെ വളരെ സമാധാനത്തോടെയാണ് ആ നായകൾ ഇരിക്കുന്നത്.
സ്വന്തമായി വലിയ സമ്പാദ്യങ്ങളൊന്നുമില്ലെങ്കിലും, തനിക്കുള്ള ചെറിയ ഇടവും ഭക്ഷണവും സ്നേഹവും മിണ്ടാപ്രാണികൾക്കായി പങ്കുവെക്കുന്ന അദ്ദേഹത്തിന്റെ മനസ്സിനെ ഇന്റർനെറ്റ് ലോകം ഒന്നടങ്കം പ്രശംസിക്കുകയാണ്. 'ഇതാണ് യഥാർത്ഥ മനുഷ്യത്വം. ഈ വയോധികന്റെ കൈവശം സ്വന്തമെന്ന് പറയാൻ അധികമൊന്നുമില്ലായിരിക്കാം, എങ്കിലും തന്റെ റിക്ഷയിലെ ചെറിയ ഇടവും ഭക്ഷണവും കൂട്ടിരിപ്പും അദ്ദേഹം ഈ നായകൾക്കായി നൽകുന്നു' വീഡിയോ പങ്കുവെച്ചുകൊണ്ട് ശർമ്മ എന്ന യൂസർ കുറിച്ചു.
തെരുവുനായ്ക്കളാണെങ്കിലും അഞ്ചെണ്ണത്തിന്റെയും കഴുത്തിൽ കയർ കൊണ്ടുള്ള കോളറുകൾ ഉണ്ടായിരുന്നു. ഇത് അദ്ദേഹം അവയെ ദത്തെടുത്തതാണെന്ന സൂചന നൽകുന്നു. റിക്ഷ നിർത്തി അദ്ദേഹം വിശ്രമിക്കാൻ ഇരുന്നപ്പോൾത്തന്നെ നായകൾ അദ്ദേഹത്തിന് ചുറ്റും കൂടി സ്നേഹം പ്രകടിപ്പിക്കാൻ തുടങ്ങി. ഇവർ തമ്മിലുള്ള ആഴത്തിലുള്ള ബന്ധം ആ ദൃശ്യങ്ങളിൽ വ്യക്തമാണ്. 'നിശബ്ദരായ ജീവികളുടെ വേദന കണ്ടില്ലെന്ന് നടിക്കുന്ന ലോകത്ത്, ഇത്തരം കാഴ്ചകൾ മനുഷ്യത്വത്തിലുള്ള വിശ്വാസം വീണ്ടെടുക്കുന്നു. സ്നേഹം എന്നത് സമ്പത്തിൽ നിന്നോ പദവിയിൽ നിന്നോ ഉണ്ടാകുന്നതല്ല, അത് ഹൃദയത്തിൽ നിന്നും ദയയിൽ നിന്നുമാണ് വരുന്നത്' ശർമ്മ കൂട്ടിച്ചേർത്തു.
മറ്റ് ജീവികളോട് ദയയും സൗഹൃദവും കാണിക്കാൻ പണമോ പദവിയോ ആവശ്യമില്ലെന്ന് ഈ വീഡിയോ തെളിയിക്കുന്നതായി സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.